ബിസിനസ് ഏജന്റുമാരുടെ നയം
ChatGPT‑യിലെ ഒരു സംഭാഷണത്തിലൂടെ ഒരു ബിസിനസിനെയും അതിന്റെ സേവനങ്ങളെയും കുറിച്ച് ആളുകൾക്ക് മനസ്സിലാക്കാൻ ബിസിനസ് ഏജന്റുകൾ സഹായിക്കുന്നു. ഒരു ബിസിനസ്സോ അല്ലെങ്കിൽ അതിന്റെ അംഗീകൃത പ്രതിനിധിയോ ഒരു ഏജന്റിനെ നിർമ്മിക്കുകയോ, പ്രസിദ്ധീകരിക്കുകയോ, എഡിറ്റ് ചെയ്യുകയോ ചെയ്യുമ്പോൾ—അവർ നൽകുന്ന നിർദ്ദേശങ്ങൾ, വിവരങ്ങൾ, ലിങ്കുകൾ, ഫോമുകൾ, ടൂളുകൾ എന്നിവ ഉൾപ്പെടെ—ഈ നയം ബാധകമാണ്. ബിസിനസ്സുകൾ ബാധകമായ നിയമങ്ങളും ചട്ടങ്ങളും, OpenAI-യുടെ ഉപയോഗ നയങ്ങളും, ChatGPT‑യിലെ ബിസിനസുകൾക്കായുള്ള നയവും, ഉൽപ്പന്ന ഫീഡുകൾക്കായുള്ള വാണിജ്യ നയങ്ങളും ഉൾപ്പെടെയുള്ള മറ്റ് പ്രസക്തമായ നയങ്ങളും പാലിക്കേണ്ടതുണ്ട്. ഒരു പരസ്യത്തിലൂടെ ഏജന്റിനെ പ്രൊമോട്ട് ചെയ്യുമ്പോൾ അധിക പരസ്യ നയങ്ങൾ ബാധകമായേക്കാം.
യോഗ്യതയുള്ള ഒരു ബിസിനസിനെ സത്യസന്ധമായി പ്രതിനിധീകരിക്കുക
നിങ്ങൾക്ക് ഉടമസ്ഥതയുള്ളതോ പ്രതിനിധീകരിക്കാൻ അധികാരമുള്ളതോ ആയ ഒരു ബിസിനസ്സിന് വേണ്ടി മാത്രം ഒരു ഏജന്റിനെ നിർമ്മിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക. മറ്റൊരു ബിസിനസായി ആൾമാറാട്ടം നടത്തുകയോ അതിന്റെ ഉടമസ്ഥത, ബന്ധം, യോഗ്യതകൾ, അംഗീകാരങ്ങൾ എന്നിവ തെറ്റായി അവതരിപ്പിക്കുകയോ ചെയ്യരുത്. ബിസിനസ്സിനെ പ്രതിനിധീകരിക്കുന്ന ഒരു AI ആണ് ഇതെന്ന് ഏജന്റ് വ്യക്തമാക്കേണ്ടതുണ്ട്; അത് ഒരു സ്വതന്ത്ര ഉപദേശകനോ മനുഷ്യനോ OpenAI അംഗീകരിച്ച ഒന്നോ ആണെന്ന പ്രതീതി സൃഷ്ടിക്കരുത്. ആവശ്യമായ വെളിപ്പെടുത്തലുകൾ പാലിക്കുക. പ്രസിദ്ധീകരണം അനുവദിക്കുന്നതിന് മുമ്പ് ബിസിനസിന്റെ വിഭാഗവും ഏജന്റിന്റെ ഉദ്ദേശിച്ച ഉപയോഗവും ഞങ്ങൾ പരിഗണിക്കുന്നു. ഞങ്ങളുടെ നയങ്ങൾ പ്രകാരം പ്രവേശനം നിരസിക്കുകയോ സുരക്ഷിതമായി പിന്തുണയ്ക്കാൻ കഴിയുന്നതുവരെ ഒരു വിഭാഗം മാറ്റിവയ്ക്കുകയോ ചെയ്യാം. ബിസിനസ് സ്ഥിരീകരണം മാത്രം ഏജന്റിനുള്ള യോഗ്യത ഉറപ്പാക്കുന്നില്ല.
ബിസിനസ് വിവരങ്ങൾ കൃത്യമായി നിലനിർത്തുക
നിങ്ങൾ നൽകുന്ന വിവരങ്ങൾ ബിസിനസ്സിനെ സത്യസന്ധമായി പ്രതിനിധീകരിക്കുന്നതും കാലികമായി നിലനിർത്തുന്നതും ആയിരിക്കണം. ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, വിലകൾ, ലഭ്യത, യോഗ്യതകൾ, അവലോകനങ്ങൾ, ഉറപ്പുകൾ, അല്ലെങ്കിൽ ഫലങ്ങൾ എന്നിവ കെട്ടിച്ചമയ്ക്കാൻ ഏജന്റിനോട് നിർദേശിക്കരുത്. ഒരു ഉപയോക്താവിന്റെ ചോദ്യത്തിന് പ്രസക്തമായ പ്രധാനപ്പെട്ട ഫീസുകളോ നിബന്ധനകളോ പരിമിതികളോ മറച്ചുവെക്കരുത്. നിങ്ങളുടെ സ്വന്തം ശൈലിയിൽ നിങ്ങളുടെ ബിസിനസിനെ വിവരിക്കാം, എന്നാൽ നിർദിഷ്ട അവകാശവാദങ്ങൾ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. ലിങ്കുകൾ നിങ്ങളുടെ ബിസിനസിന് പ്രസക്തമായിരിക്കണം, അവ എവിടേക്കാണ് നയിക്കുന്നതെന്ന് കൃത്യമായി വ്യക്തമാക്കുകയും വേണം.
ഏജന്റിനെ സുരക്ഷിതമായി ഉപയോഗിക്കുക
നിങ്ങളുടെ ഏജന്റും അതിനായി നിങ്ങൾ നൽകുന്ന സാമഗ്രികളും OpenAI-യുടെ ഉപയോഗ നയങ്ങൾ പാലിച്ചിരിക്കണം. നിർദ്ദേശങ്ങൾ, ഉദാഹരണങ്ങൾ, വെബ്സൈറ്റ് ഉള്ളടക്കം, ഫയലുകൾ, ലിങ്കുകൾ, ഫോമുകൾ, അല്ലെങ്കിൽ ബന്ധിപ്പിച്ച ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് OpenAI-യുടെ സുരക്ഷാ സംവിധാനങ്ങളെ മറികടക്കുകയോ നിരോധിത പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുകയോ ചെയ്യരുത്. ഫിഷിങ് സൈറ്റുകൾ, മാൽവെയർ, അല്ലെങ്കിൽ വഞ്ചനാപരമായ റീഡയറക്ടുകൾ ഉപയോഗിക്കരുത്. സാധ്യമായ മെഡിക്കൽ അടിയന്തരാവസ്ഥയോ മറ്റൊരാൾക്കുള്ള അപകടമോ ഉൾപ്പെടെയുള്ള, ഉപയോക്താവിന്റെ ഉടനടിയുള്ള സുരക്ഷാ ആശങ്ക അവഗണിക്കാനോ അതിന്റെ ഗൗരവം കുറച്ചുകാണിക്കാനോ ഏജന്റിനോട് നിർദ്ദേശിക്കരുത്.
ഉപയോക്താക്കളെയും അവരുടെ വിവരങ്ങളെയും മാനിക്കുക
ആളുകളിൽ സമ്മർദം ചെലുത്താനോ, വ്യാജമായ അടിയന്തരബോധം സൃഷ്ടിക്കാനോ, ബലഹീനതകളെ ചൂഷണം ചെയ്യാനോ, ആരെങ്കിലും നിരസിച്ചതിന് ശേഷവും വിൽപ്പനയ്ക്കോ തുടർനടപടികൾക്കോ വേണ്ടി നിർബന്ധിച്ചുകൊണ്ടിരിക്കാനോ ഏജന്റിനെ ക്രമീകരിക്കരുത്. ഏജന്റിന് ഐച്ഛികമായ ഒരു തുടർനടപടി വാഗ്ദാനം ചെയ്യാനും, ഉപയോക്താവ് ബന്ധപ്പെടുന്നതിനുള്ള ആവശ്യമായ വിവരങ്ങൾ നൽകാൻ തീരുമാനിക്കുമ്പോൾ അംഗീകൃതമായ ഒരു ഫീച്ചറിലൂടെ അവ ശേഖരിക്കാനും കഴിയും. ആരോഗ്യ വിവരങ്ങൾ, നിയമപരമായി സംരക്ഷിക്കപ്പെട്ട വ്യക്തിഗത സവിശേഷതകൾ, സർക്കാർ നൽകിയ തിരിച്ചറിയൽ രേഖകൾ, അല്ലെങ്കിൽ സാമ്പത്തികമോ ആധികാരികത ഉറപ്പാക്കുന്നതോ ആയ ക്രെഡൻഷ്യലുകൾ എന്നിവ ഉൾപ്പെടെ അനാവശ്യമായതോ ഉയർന്നത് അപകടസാധ്യതയുള്ളതോ ആയ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുകയോ വിൽപ്പനയ്ക്കായുള്ള അവതരണം വ്യക്തിക്കനുസരിച്ച് തയ്യാറാക്കാൻ അവ ഉപയോഗിക്കുകയോ ചെയ്യരുത്. അംഗീകൃത ഫീച്ചറിലൂടെ വ്യക്തമായ അനുമതി ലഭിക്കാതെ, ഉപയോക്താവിന്റെ വിവരങ്ങൾ നിങ്ങളുടെ ബിസിനസുമായി പങ്കിടാനോ ഉപയോക്ത്താവിന് വേണ്ടി ഒരു ഫോം സമർപ്പിക്കാനോ ബുക്കിംഗ് നടത്താനോ വാങ്ങൽ നടത്താനോ ഏജന്റ് നിർദ്ദേശിക്കരുത്. ഉപയോക്താവ് സന്ദർശിക്കാൻ തിരഞ്ഞെടുക്കുന്ന പ്രസക്തമായ ഒരു ലിങ്ക് ഏജന്റ് നൽകാം, എന്നാൽ അത് എവിടേക്കാണ് നയിക്കുന്നതെന്ന് തെറ്റായി അവതരിപ്പിക്കരുത്, അല്ലെങ്കിൽ ഈ ഡാറ്റാ ശേഖരണ നിയമങ്ങൾ മറികടക്കാൻ അത് ഉപയോഗിക്കരുത്. ഉയർന്ന അപകടസാധ്യതയുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്ന ചിത്രങ്ങളോ രേഖകളോ അപ്ലോഡ് ചെയ്യാൻ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നത് ഉൾപ്പെടെ, വ്യക്തിഗത വിവരങ്ങൾ നേടാൻ വഞ്ചനാപരമായ കാരണങ്ങൾ മുന്നോട്ടുവയ്ക്കരുത്.
ഏജന്റിന്റെ അംഗീകൃത റോളിൽ തുടരുക.
ഏജന്റിന് ബിസിനസ് നൽകുന്ന സേവനങ്ങളെയും ഉൽപ്പന്നങ്ങളെയും കുറിച്ച് വിശദീകരിക്കാനും പൊതുവായ വിവരങ്ങൾ നൽകാനും കഴിയും, എന്നാൽ പ്രൊഫഷണൽ ലൈസൻസ് നിയമപരമായി ആവശ്യമായ ഉപദേശം ഉപയോക്താക്കൾക്ക് നൽകാനോ, മനുഷ്യന്റെ അവലോകനമില്ലാതെ ഉയർന്ന അപകടസാധ്യതയുള്ള തീരുമാനങ്ങൾ സ്വയമേവ എടുക്കാനോ, പ്രൊഫഷണൽ യോഗ്യതകളുണ്ടെന്ന് അവകാശപ്പെടാനോ പാടില്ല.. ഫലങ്ങൾ ഉറപ്പുനൽകുന്നതിനോ അംഗീകൃത കഴിവുകൾക്കോ ഉപയോക്താവിന്റെ അംഗീകാരത്തിനോ അപ്പുറമുള്ള നടപടികൾ സ്വീകരിക്കുന്നതിനോ നിർദ്ദേശം നൽകരുത്.
നയ അവലോകനവും നടപ്പാക്കലും
നിങ്ങൾ ഒരു ഏജന്റിനെ നിർമ്മിക്കുമ്പോഴും അത് അപ്ഡേറ്റ് ചെയ്യുമ്പോഴെല്ലാം ഈ നിയമങ്ങൾ ബാധകമാണ്. ഞങ്ങൾ ഒരു പ്രശ്നം കണ്ടെത്തിയാൽ, നിങ്ങളുടെ ഏജന്റിനെ താൽക്കാലികമായി നിർത്തിവയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുകയും മാറ്റങ്ങൾ വരുത്താൻ നിങ്ങളോട് ആവശ്യപ്പെടുകയും ചെയ്തേക്കാം. അപ്ഡേറ്റുകൾ അവലോകന തീരുമാനങ്ങൾക്കനുസൃതമായിരിക്കണം, അവ മറികടക്കാനുള്ളവയാകരുത്. പ്രശ്നത്തിന്റെ സ്വഭാവമനുസരിച്ച്, ഞങ്ങൾ സവിശേഷതകൾ പരിമിതപ്പെടുത്തുകയോ ഒരു ഏജന്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തുകയോ ഏജന്റിനെ നീക്കം ചെയ്യുകയോ ഏജന്റുകളെ നിർമ്മിക്കാനോ നിയന്ത്രിക്കാനോ ഉള്ള ഒരു ബിസിനസിന്റെ കഴിവ് പരിമിതപ്പെടുത്തുകയോ ചെയ്തേക്കാം—പ്രത്യേകിച്ച് പ്രശ്നങ്ങൾ ഗുരുതരമാകുമ്പോഴോ ആവർത്തിക്കുമ്പോഴോ. ബിസിനസുകൾ നൽകുന്ന വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കും അവയ്ക്ക് ഉത്തരവാദിത്തമുണ്ട്. ഞങ്ങൾ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിനനുസരിച്ച് ഈ നയം അപ്ഡേറ്റ് ചെയ്തേക്കാം.