OpenAI-യും Broadcom ഉം ഒരുക്കിയ LLM-ഒപ്റ്റിമൈസ്ഡ് ഇൻഫറൻസ് ചിപ്പ്
- ആദ്യഘട്ട പരിശോധനകൾ പ്രകാരം, ഈ ഒന്നാം തലമുറ ആക്സിലറേറ്റർ, ഓരോ വാട്ടിനും നിലവിലെ അത്യാധുനിക സംവിധാനങ്ങളെക്കാൾ ഗണ്യമായി മികച്ച പ്രകടനം കാഴ്ചവെക്കും
- വ്യവസായമൊട്ടാകെയുള്ള നിലവിലെയും ഭാവിയിലെയും LLM-കൾക്കായി അടിസ്ഥാനം മുതൽ നിർമ്മിച്ചത്
- OpenAI-യുടെ മോഡലുകളുടെ സഹായത്തോടെ ദ്രുതഗതിയിൽ, ഡിസൈൻ ഘട്ടം മുതൽ ഉൽപ്പാദനം വരെ ഒൻപത് മാസത്തിനുള്ളിൽ വികസിപ്പിച്ചത്
- ഉൽപ്പന്നങ്ങൾ മുതൽ മോഡലുകൾ വരെയും ഇപ്പോൾ ചിപ്പുകൾ വരെയും ഒരുക്കി, OpenAI-യുടെ സമ്പൂർണ്ണ പ്ലാറ്റ്‌ഫോമിനെ വിപുലീകരിക്കുന്നു
- ഡാറ്റാ സെന്റർ പങ്കാളികളുമായി ചേർന്ന് ഒന്നിലധികം തലമുറകളിലായി ഗിഗാവാട്ട് സ്കെയിലിൽ വിന്യസിക്കും
OpenAI-യും Broadcom ഉം ചേർന്ന് (NASDAQ: AVGO) ഇന്ന് OpenAI-യുടെ ആദ്യ ഇന്റലിജൻസ് പ്രോസസറായ Jalapeño അനാവരണം ചെയ്തു: LLM ഇൻഫറൻസിന്റെ ഭാവിയെക്കുറിച്ചുള്ള OpenAI-യുടെ ദർശനത്തെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത ആക്സിലറേറ്ററാണിത്. നൂതന AI വേഗതയേറിയതും കൂടുതൽ വിശ്വസനീയവും കൂടുതൽ ആളുകൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാകുന്നതുമാക്കാൻ ഇരു കമ്പനികളും ചേർന്ന് നിർമ്മിക്കുന്ന മൾട്ടി-ജനറേഷൻ കമ്പ്യൂട്ട് പ്ലാറ്റ്‌ഫോമിലെ ആദ്യ AI ആക്സിലറേറ്റർ കൂടിയാണിത്.

Broadcom പ്രസിഡന്റും CEO-യുമായ ഹോക്ക് ടാനും പ്രസിഡന്റ് ചാർളി കാവാസും ചേർന്ന് OpenAI-യുടെ CEO സാം ആൾട്ട്മാനും പ്രസിഡന്റ് ഗ്രെഗ് ബ്രോക്ക്മാനും Jalapeño കൈമാറി. OpenAI-യുടെ മോഡലുകളുടെയും ഉൽപ്പന്നങ്ങളുടെയും പിന്നിലെ പൂർണ്ണ പിന്തുണ കെട്ടിപ്പടുക്കുന്നതിനുള്ള OpenAI-യുടെ തന്ത്രത്തിലെ പ്രധാന ചുവടുവെപ്പാണിത്.
LLM അടിസ്ഥാനങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയെ അടിസ്ഥാനമാക്കിയാണ് OpenAI ഈ ചിപ്പ് ആദ്യം മുതൽ രൂപകൽപ്പന ചെയ്തത്. മോഡലുകൾ, കേർണലുകൾ, സേവനം നൽകുന്ന സിസ്റ്റങ്ങൾ, ഉൽപ്പന്ന ആവശ്യങ്ങൾ എന്നിവയുടെ റോഡ്മാപ്പും അതിന് ദിശ നൽകി. പങ്കാളികളായ Broadcom ഉം Celestica-യുമായി സഹകരിച്ച് ഇത് ചിപ്പ് ഇംപ്ലിമെന്റേഷൻ, ബോർഡ്, റാക്ക് സിസ്റ്റം ഇന്റഗ്രേഷൻ, ഉയർന്ന പ്രകടനം കാഴ്ചവെക്കുന്ന നെറ്റ്‌വർക്കിംഗ്, അഭിവൃദ്ധിപ്രാപിക്കുന്ന ഉൽപ്പാദന സംവിധാനങ്ങൾ എന്നിവയിലൂടെ പ്ലാറ്റ്‌ഫോമിനെ വ്യവസായവൽക്കരിക്കാൻ സഹായിക്കുകയാണ്. വ്യവസായമൊട്ടാകെയുള്ള നിലവിലെയും ഭാവിയിലെയും AI മോഡലുകളുടെ ഇൻഫറൻസ് ആവശ്യങ്ങളെക്കുറിച്ചുള്ള OpenAI-യുടെ ഉൾക്കാഴ്ചകളെ വഴികാട്ടിയായിക്കണ്ട്, എല്ലാ LLM-കളിലും പ്രവർത്തിക്കാൻ കഴിയുന്ന വഴക്കത്തോടെയാണ് Jalapeño രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലാബിൽ Jalapeño ചിപ്പിന്റെ എൻജിനീയറിംഗ് സാമ്പിളുകൾ GPT‑5.3‑Codex‑Spark ഉൾപ്പെടെയുള്ള ML വർക്ക്‌ലോഡുകളെ, ഉൽപ്പാദനത്തിൽ ലക്ഷ്യമിടുന്ന ഫ്രീക്വൻസിയിലും പവറിലും പ്രവർത്തിപ്പിക്കുന്നു.
OpenAI ഇപ്പോഴും അന്തിമ പ്രകടനം അളക്കുകയാണെങ്കിലും, ആദ്യഘട്ട പരിശോധനകൾ പ്രകാരം, Jalapeño ഓരോ വാട്ടിനും നിലവിലെ അത്യാധുനിക സംവിധാനങ്ങളെക്കാൾ ഗണ്യമായി മികച്ച പ്രകടനം കാഴ്ചവെക്കും. പ്രകടനത്തെക്കുറിച്ചുള്ള വിശദമായ സാങ്കേതിക റിപ്പോർട്ട് വരും മാസങ്ങളിൽ അവതരിപ്പിക്കും. ഡാറ്റാ നീക്കം കുറയ്ക്കുകയും കമ്പ്യൂട്ട്, മെമ്മറി, നെറ്റ്‌വർക്കിംഗ് വിഭവങ്ങൾ സന്തുലിതമാക്കുകയും ചെയ്തുകൊണ്ടാണ് ഈ ആർക്കിടെക്ചർ, യാഥാർത്ഥ്യത്തിൽ വരുന്ന ഉപയോഗക്ഷമതയെ സിദ്ധാന്തപരമായ പരമാവധി പ്രകടനത്തോട് ഏറെ അടുപ്പിക്കുന്നത്. Tomahawk നെറ്റ്‌വർക്കിംഗ് സിലിക്കൺ ഉൾപ്പെടെയുള്ള Broadcom-ന്റെ സിലിക്കൺ ഇംപ്ലിമെന്റേഷനും നെറ്റ്‌വർക്കിംഗ് സാങ്കേതികവിദ്യകളും ഈ പ്ലാറ്റ്‌ഫോമിനെ വലിയ തോതിലുള്ള ഉൽപ്പാദനത്തിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്നു.
“ലോകം കമ്പ്യൂട്ട് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങുകയാണ്” എന്ന് OpenAI-യുടെ പ്രസിഡന്റും സഹസ്ഥാപകനുമായ ഗ്രെഗ് ബ്രോക്ക്മാൻ പറഞ്ഞു. “കമ്പ്യൂട്ട് കൂടുതൽ സുലഭമാക്കാനുള്ള ഞങ്ങളുടെ ദീർഘകാല സമ്പൂർണ്ണ ഇൻഫ്രാസ്ട്രക്ചർ തന്ത്രത്തിന്റെ ഭാഗമാണ് Jalapeño. അതിലൂടെ ആളുകൾക്കും ബിസിനസുകൾക്കും വേഗതയേറിയതും കൂടുതൽ വിശ്വസനീയവും കൂടുതൽ ചെലവ് കുറഞ്ഞതുമായ AI ലഭിക്കും; കൂടുതൽ പ്രധാനപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനും അത് ഉപയോഗിക്കാം. മൊത്തമുള്ള ഭാഗങ്ങളിൽ ഏറെയും ഞങ്ങൾ തന്നെ രൂപകൽപ്പന ചെയ്യുന്നതിലൂടെ, കൂടുതൽ കാര്യക്ഷമതയോടെ കൂടുതൽ ബുദ്ധിശക്തി നൽകാനും നൂതന AI-യെ കൂടുതൽ വിപുലമായ ലഭ്യതയിലേക്ക് മുന്നോട്ട് നയിച്ചുകൊണ്ടിരിക്കാനും ഞങ്ങൾക്ക് കഴിയും.”
“OpenAI ഗവേഷകരുമായുള്ള ഞങ്ങളുടെ അടുത്ത സഹകരണത്തിൽ നിന്ന് ലഭിച്ച വിശദമായ ഉൾക്കാഴ്ചകൾ ഉപയോഗിച്ചാണ് Jalapeño-യെ LLM ഇൻഫറൻസിനായി അടിസ്ഥാനം മുതൽ രൂപകൽപ്പന ചെയ്തത്” എന്ന് OpenAI-യുടെ ഹാർഡ്‌വെയർ പ്രോഗ്രാമിന് നേതൃത്വം നൽകുന്ന റിച്ചാർഡ് ഹോ പറഞ്ഞു. “അത്യാധുനിക AI മോഡലുകൾക്ക് ഏറ്റവും പ്രധാനപ്പെട്ട കേർണലുകൾ, മെമ്മറി മൂവ്‌മെന്റ്, നെറ്റ്‌വർക്കിംഗ്, സേവനം നൽകൽ പാറ്റേണുകൾ എന്നിവയെ അടിസ്ഥാനമാക്കി ഞങ്ങൾ ആർക്കിടെക്ചർ ഒപ്റ്റിമൈസ് ചെയ്തു. ആദ്യഘട്ട പരിശോധനയുടെ വെളിച്ചത്തിൽ, Jalapeño ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വർക്ക്‌ലോഡുകൾ, ഹാർഡ്‌വെയറിന്റെ സിദ്ധാന്തപരമായ പരിധികളോട് ഒത്തുവരും വിധം കാര്യക്ഷമമായി നിർവഹിക്കും.”
“അടുത്ത ദശകത്തിലെ AI-യ്ക്ക് ആവശ്യമായ ഭൗതിക ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്താനുള്ള അടിസ്ഥാനപരമായ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് OpenAI-യുമായുള്ള ഞങ്ങളുടെ സഹകരണം” എന്ന് Broadcom പ്രസിഡന്റും CEO-യുമായ ഹോക്ക് ടാൻ പറഞ്ഞു. “ഇത് ഒരു മൾട്ടി-ജനറേഷൻ റോഡ്മാപ്പിന്റെ തുടക്കം മാത്രമാണ്. വ്യവസായത്തിൽ മുൻനിരയിലുള്ള ഞങ്ങളുടെ സിലിക്കൺ, OpenAI-യുമായി ചേർന്ന് നേരിട്ട് വികസിപ്പിക്കുന്നതിലൂടെ, Microsoft-ഉം മറ്റ് പങ്കാളികളുമായി ചേർന്ന് 2026 മുതൽ ഗിഗാവാട്ട് തലത്തിലുള്ള ഡാറ്റാ സെന്ററുകൾ വിന്യസിക്കാൻ ഞങ്ങൾ വഴിയൊരുക്കുന്നു.”
ആധുനിക LLM ഇൻഫറൻസിനായി ഒന്നുമില്ലായ്മയിൽ നിന്ന് ആരംഭിച്ച ഡിസൈനാണ് Jalapeño; മുൻകാല AI വർക്ക്‌ലോഡുകളിൽ നിന്ന് രൂപമാറ്റം വരുത്തിയ പൊതു ഉപയോഗ ആക്സിലറേറ്റർ അല്ല ഇത്. ChatGPT, Codex, API, ഭാവിയിലെ ഏജന്റ് അധിഷ്ഠിത ഉൽപ്പന്നങ്ങൾ എന്നിവയിലുടനീളം OpenAI ദിവസേന പ്രവർത്തിപ്പിക്കുന്ന സിസ്റ്റങ്ങളിൽ നിന്നുള്ള അറിവാണ് ഇതിന് ദിശ നൽകുന്നത്. അതേസമയം, വ്യവസായമൊട്ടാകെയുള്ള നിലവിലെയും ഭാവിയിലെയും LLM-കൾക്കായും ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നു. ഇന്നത്തെ മുൻനിര AI ആക്സിലറേറ്ററുകളുടെ ശക്തിയും ത്രൂപുട്ടും, ഏറ്റവും വേഗമുള്ള പ്രത്യേക ഇൻഫറൻസ് സിസ്റ്റങ്ങളുടേതിനോട് അടുത്ത ലേറ്റൻസിയുമായി ചേർക്കുക എന്നതാണ് ലക്ഷ്യം. ഇതിലൂടെ, വലിയ തോതിൽ വിന്യസിക്കുന്ന ഇന്ററാക്ടീവ് LLM ഉൽപ്പന്നങ്ങൾക്ക് Jalapeño ഏറെ അനുയോജ്യമാകുന്നു.
അതാണ് സമ്പൂർണ്ണ നേട്ടം. OpenAI അത്യാധുനിക മോഡലുകൾ വികസിപ്പിക്കുകയോ അവയെ അടിസ്ഥാനമാക്കി ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയോ മാത്രമല്ല ചെയ്യുന്നത്; അവയുടെ അടിസ്ഥാനമായ ഇൻഫ്രാസ്ട്രക്ചറും രൂപകൽപ്പന ചെയ്യുന്നു: ചിപ്പ് ആർക്കിടെക്ചർ, കേർണലുകൾ, മെമ്മറി സിസ്റ്റങ്ങൾ, നെറ്റ്‌വർക്കിംഗ്, ഷെഡ്യൂളിംഗ്, വിന്യാസ സംവിധാനങ്ങൾ, ഉൽപ്പന്നാനുഭവം എന്നിവ. OpenAI മൊത്തത്തിൽ പ്രവർത്തിക്കുന്നതിനാൽ, ഓരോ പാളിയെയും ഒരേ ലക്ഷ്യത്തിന് ചുറ്റും ഒപ്റ്റിമൈസ് ചെയ്യാം: ഉപയോക്താക്കൾക്കായി അതിന്റെ മോഡലുകളെ വേഗതയേറിയതും കൂടുതൽ വിശ്വസനീയവും കൂടുതൽ ചെലവ് കുറഞ്ഞതുമാക്കുക എന്ന ലക്ഷ്യത്തിന്.
OpenAI-യുടെ പുരോഗതിക്ക് പിന്നിലെ വളർച്ചാ ചക്രത്തെ Jalapeño ശക്തിപ്പെടുത്തുന്നു. മെച്ചപ്പെട്ട ഇൻഫ്രാസ്ട്രക്ചർ, കമ്പ്യൂട്ട് കാര്യക്ഷമത വർധിപ്പിക്കുന്നു. വർധിച്ച കമ്പ്യൂട്ട് കാര്യക്ഷമത, മികച്ച പരിശീലനവും സേവനം നൽകലും സാധ്യമാക്കി കൂടുതൽ കഴിവുള്ള AI മോഡലുകൾക്ക് കരുത്തേകുന്നു. മെച്ചപ്പെട്ട മോഡലുകൾ ആളുകൾക്കും ഡെവലപ്പർമാർക്കും ബിസിനസുകൾക്കും കൂടുതൽ മികച്ച ഉൽപ്പന്നങ്ങളായി മാറുന്നു. മികച്ച ഉൽപ്പന്നങ്ങൾ കൂടുതൽ ഉപയോഗം, കൂടുതൽ ഉപഭോക്താക്കൾ, കൂടുതൽ വരുമാനം എന്നിവ സൃഷ്ടിക്കുന്നു. അതിലൂടെ അടുത്ത തലമുറയിലെ ഇൻഫ്രാസ്ട്രക്ചറിൽ വീണ്ടും നിക്ഷേപിക്കാൻ OpenAI-ക്ക് കഴിയും. കാലക്രമേണ, ആ ചക്രം ബുദ്ധിശക്തിയെ എല്ലാവർക്കുമായി കൂടുതൽ ശേഷിയുള്ളതും കൂടുതൽ വിശ്വസനീയവും ചെലവ് കുറഞ്ഞതുമാക്കാൻ സഹായിക്കുന്നു.
പ്രാരംഭ രൂപകൽപ്പന മുതൽ നിർമ്മാണത്തിനുള്ള ടേപ്പ്-ഔട്ട് വരെ വെറും ഒൻപത് മാസത്തിനുള്ളിൽ സംയുക്തമായി Jalapeño വികസിപ്പിച്ചു. ഈ കസ്റ്റം AI ആക്സിലറേറ്റർ പ്രോഗ്രാം, ഉയർന്ന പ്രകടനമുള്ള നൂതന സെമികണ്ടക്ടറുകളിൽ ഇതുവരെ കൈവരിച്ച ഏറ്റവും വേഗമേറിയ ASIC വികസന ചക്രമാണ് എന്നാണ് ഞങ്ങളുടെ വിശ്വാസം. ആ വേഗതയ്ക്ക് പിന്നിൽ, OpenAI-യുടെ എൻജിനീയറിംഗ് ടീമുകൾക്കൊപ്പമുള്ള സംയുക്തമായ, ആഴത്തിലുള്ള സോഫ്റ്റ്‌വെയർ-ഹാർഡ്‌വെയർ വികസനം, Broadcom-ന്റെ സിലിക്കൺ ഇംപ്ലിമെന്റേഷൻ വൈദഗ്ദ്ധ്യം, ഡിസൈൻ-ഒപ്റ്റിമൈസേഷൻ പ്രക്രിയകളിലെ ചില ഭാഗങ്ങൾ വേഗത്തിലാക്കാനുള്ള OpenAI മോഡലുകളുടെ ഉപയോഗം എന്നിവയാണ്.
ഉപയോക്താക്കൾക്ക് സേവനം നൽകുന്ന അതേ മോഡലുകൾ തന്നെയാണ് ഭാവി മോഡലുകൾ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്താനും സഹായിക്കുന്നത്. മികച്ച ചിപ്പുകൾ കൂടുതൽ വേഗത്തിൽ രൂപകൽപ്പന ചെയ്യാൻ എൻജിനീയർമാരെ AI സഹായിക്കുകയാണെങ്കിൽ, അതിന് വ്യവസായമൊട്ടാകെ കമ്പ്യൂട്ടിന്റെ ചെലവ് കുറയ്ക്കാനും നൂതന AI-യുടെ ലഭ്യത ജനകീയമാക്കാനും സഹായിക്കാനാകും.
2026 അവസാനത്തോടെ പ്രാരംഭ വിന്യാസത്തിനായി രൂപകൽപ്പന ചെയ്തതും വരും വർഷങ്ങളിൽ വിപുലീകരിക്കുന്നതുമായ മൾട്ടി-ജനറേഷൻ കമ്പ്യൂട്ട് പ്ലാറ്റ്‌ഫോമിലെ ആദ്യ ചുവടുവെപ്പാണ് Jalapeño. OpenAI രൂപകൽപ്പന ചെയ്ത ആക്സിലറേറ്ററുകൾ, Broadcom-ന്റെ സിലിക്കൺ ഇംപ്ലിമെന്റേഷൻ, നെറ്റ്‌വർക്കിംഗ്, കണക്റ്റിവിറ്റി സാങ്കേതികവിദ്യകൾ, Celestica-യുടെ ബോർഡ്, റാക്ക്, സിസ്റ്റം വൈദഗ്ദ്ധ്യം എന്നിവ ഇതിൽ ഒന്നിക്കുന്നു.
ഈ പ്രവർത്തനത്തിന്റെ ഉദ്ദേശ്യം ലളിതമാണ്: AI ആളുകളിലെത്തുന്നത് ഇൻഫറൻസിലൂടെയാണ്. ചെലവ്, വേഗത, വിശ്വാസ്യത എന്നിവയിലെ ഓരോ മെച്ചപ്പെടുത്തലും വേഗത്തിലുള്ള ChatGPT മറുപടിയായി, കുറവ് കാത്തിരിപ്പോടെ കൂടുതൽ ഘട്ടങ്ങൾ പൂർത്തിയാക്കാൻ കഴിയുന്ന Codex ടാസ്കായി, നിർമ്മിക്കാൻ ചെലവ് കുറഞ്ഞ API ഉൽപ്പന്നമായി അല്ലെങ്കിൽ ഡിമാൻഡ് ഉയർന്നിരിക്കുമ്പോൾ കൂടുതൽ ആശ്രയിക്കാവുന്ന ലഭ്യതയായി പ്രത്യക്ഷപ്പെടാം.
AI-യെ ജനകീയമാക്കുക എന്നാൽ, കൂടുതൽ ആളുകൾക്ക് ദിവസേന ഉപയോഗിക്കാൻ കഴിയുന്നത്ര ലഭ്യവും ആശ്രയിക്കാവുന്നതും ചെലവ് കുറഞ്ഞതുമായ, നൂതന മോഡലുകൾ ഒരുക്കുക എന്നാണ് അർത്ഥം. വിദ്യാർത്ഥികൾ, ഡെവലപ്പർമാർ, ചെറുകിട ബിസിനസുകൾ, ഗവേഷകർ, സംരംഭങ്ങൾ എന്ന് വേണ്ടാ, പഠിക്കാനോ സൃഷ്ടിക്കാനോ കടുത്ത പ്രശ്നങ്ങൾ പരിഹരിക്കാനോ ശ്രമിക്കുന്ന ഏവർക്കും ഉപയോഗപ്രദമായ ബുദ്ധിശക്തിയായി അതിന്റെ ഇൻഫ്രാസ്ട്രക്ചറിന്റെ കൂടുതൽ ഭാഗങ്ങളെ മാറ്റാൻ OpenAI-യെ Jalapeño സഹായിക്കുന്നു.


