OpenAI

2026 ഒക്‌ടോബർ 30

കമ്പനി

AI പരിശീലന മുൻഗണനകൾ അറിയിക്കുന്നത് വെബ്‌സൈറ്റുകൾക്ക് എളുപ്പമാക്കുന്നു

വെബ്‌സൈറ്റ് നടത്തിപ്പുകാർക്ക് അവരുടെ തിരഞ്ഞെടുപ്പുകൾ ഒന്നിലധികം AI ദാതാക്കളെ ഒരേസമയം അറിയിക്കാനാകുന്ന പൊതുവായ സൂചനയെ ഞങ്ങൾ പിന്തുണയ്ക്കുന്നത് എന്തുകൊണ്ട്.

robots.txt-ലെ ഒരു പൊതു സൂചന⁠(പുതിയ വിൻഡോയിൽ തുറക്കുന്നു) OpenAI മാനിക്കുമെന്ന് ഞങ്ങൾ ഇന്ന് പ്രഖ്യാപിക്കുന്നു. ഉള്ളടക്കം സൃഷ്ടിക്കുന്ന അടിസ്ഥാന AI മാതൃകകളെ പരിശീലിപ്പിക്കാൻ സ്വന്തം ഉള്ളടക്കം ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള താൽപര്യങ്ങൾ വെബ്‌സൈറ്റുകൾക്ക് അറിയിക്കാനാകുന്ന ഫയലാണ് robots.txt. സ്വമേധയാ പങ്കുചേരാവുന്ന ഈ ശ്രമത്തിലൂടെ, പ്രസാധകർക്കും വെബ്‌സൈറ്റ് നടത്തിപ്പുകാർക്കും തങ്ങളുടെ ഒരേ താൽപര്യം ഇതിൽ പങ്കെടുക്കുന്ന ഒന്നിലധികം സേവനദാതാക്കളെ ഒരേസമയം എളുപ്പത്തിൽ അറിയിക്കാനാകും.

മുമ്പ്, വെബ്‌സൈറ്റ് നടത്തിപ്പുകാർ ഓരോ ക്രോളറെയും തിരിച്ചറിഞ്ഞ് ഓരോ സേവനദാതാവിനും വെവ്വേറെ നിയമങ്ങൾ നിലനിർത്തേണ്ടിയിരുന്നു. ഒന്നിലധികം സേവനദാതാക്കൾക്കായി പൊതുവായ ഒരു സൂചന ഉപയോഗിക്കാനാകുന്നത് നടത്തിപ്പുകാരുടെ ഈ ജോലിഭാരം കുറയ്ക്കുന്നു.

വരും മാസങ്ങളിൽ ഈ സൂചന നടപ്പാക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. അപ്പോൾ, അത് നടപ്പാക്കിയതിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി മറ്റൊരു അറിയിപ്പ് പങ്കുവെക്കും. robots.txt വഴി ഞങ്ങൾ ഇതിനകം നൽകുന്ന നിയന്ത്രണങ്ങൾക്ക് പകരമാകില്ല ഈ പുതിയ സൂചന. വെബ് പ്രസാധകർക്ക് അവരുടെ പേജുകളിന്മേൽ നിയന്ത്രണവും ആവശ്യാനുസരണം ക്രമീകരിക്കാനുള്ള സ്വാതന്ത്ര്യവും നൽകുന്ന നിലവിലെ ക്രോളർ നിയന്ത്രണങ്ങൾ⁠(പുതിയ വിൻഡോയിൽ തുറക്കുന്നു) തുടർന്നും ബാധകമായിരിക്കും; അവ മാനിക്കപ്പെടുകയും ചെയ്യും.

ഇന്റർനെറ്റ് എൻജിനീയറിങ് ടാസ്ക് ഫോഴ്‌സിന്റെ (ഐഇടിഎഫ്) AI താൽപര്യങ്ങൾ സംബന്ധിച്ച പ്രവർത്തക സംഘം നടത്തിവരുന്ന പ്രവർത്തനങ്ങളെ⁠(പുതിയ വിൻഡോയിൽ തുറക്കുന്നു) അടിസ്ഥാനമാക്കിയുള്ളതാണ് ഈ ശ്രമം. ഈ പൊതു സൂചനയുടെ ഇന്നത്തെ പ്രഖ്യാപനത്തിൽ പ്രവർത്തക സംഘത്തിലെ മറ്റ് പങ്കാളികൾക്കൊപ്പം ഞങ്ങളും ചേരുന്നു. ഐഇടിഎഫിലെ മാനദണ്ഡ ചർച്ചകളിൽ ഞങ്ങളുടെ തുടർച്ചയായ പങ്കാളിത്തത്തെ ഇത് ശക്തിപ്പെടുത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ ചർച്ചകളും മേഖലയിലെ സാഹചര്യങ്ങളും വികസിക്കുന്നതിനനുസരിച്ച്, ഉചിതമായ നിയന്ത്രണങ്ങളും നീതിയും കണക്കിലെടുത്ത് OpenAI തങ്ങളുടെ രീതികളിൽ തുടർന്നും മാറ്റങ്ങൾ വരുത്തും.

ആളുകൾക്ക് വിവരങ്ങൾ പ്രസിദ്ധീകരിക്കാനും കണ്ടെത്താനും കഴിയുന്ന ഒരു തുറന്ന വെബിലേക്കുള്ള പ്രായോഗിക ചുവടുവെപ്പാണിതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. തങ്ങളുടെ ഉള്ളടക്കം എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ അറിയിക്കാൻ വെബ്‌സൈറ്റ് ഉടമകൾക്ക് കൂടുതൽ വ്യക്തവും ലളിതവുമായ മാർഗങ്ങളും ഇതിലൂടെ ലഭിക്കും. ഈ സൂചന മാനിക്കാൻ മറ്റ് AI സേവനദാതാക്കളെയും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.