പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
OpenAI

2026 ജൂൺ 8

OpenAI സാമ്പത്തിക ഗവേഷണ സഹകരണവേദി

നിർദേശങ്ങൾക്കുള്ള ക്ഷണം

നിർമിതബുദ്ധി തൊഴിലാളികളെയും സ്ഥാപനങ്ങളെയും വിവിധ വ്യവസ്ഥാപിത സംവിധാനങ്ങളെയും സമ്പദ്‌വ്യവസ്ഥയെ മൊത്തത്തിലും എങ്ങനെ ബാധിക്കുന്നുവെന്ന് OpenAIയുടെ സാമ്പത്തിക ഗവേഷണസംഘം പഠിക്കുന്നു. കർക്കശമായ സാമ്പത്തിക ഗവേഷണം, സ്വകാര്യത സംരക്ഷിച്ചുകൊണ്ടുള്ള ഉൽപ്പന്ന-ഉപയോഗ ഡാറ്റയുടെ വിശകലനം, ഉപഭോക്താക്കളുമായും സ്ഥാപനങ്ങളുമായുമുള്ള പങ്കാളിത്തം, പുറത്തുള്ള ഗവേഷകരുമായുള്ള സഹകരണം എന്നിവ സംയോജിപ്പിച്ചാണ് ഞങ്ങൾ ഇത് ചെയ്യുന്നത്.

പുറത്തുള്ള ഗവേഷകരുമായുള്ള സഹകരണത്തിന് ഔപചാരിക രൂപം നൽകാനും അത് വിപുലീകരിക്കാനുമായി ഞങ്ങൾ OpenAI സാമ്പത്തിക ഗവേഷണ സഹകരണവേദി ആരംഭിക്കുന്നു. നിർമിതബുദ്ധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ഉയർന്ന നിലവാരമുള്ള, അനുഭവാധിഷ്ഠിത ഗവേഷണം നടത്താൻ ഗവേഷകരുമായുള്ള സഹകരണങ്ങൾക്ക് ഈ വേദി പിന്തുണ നൽകും. ഓരോ സഹകരണത്തിന്റെയും പരിധി ശ്രദ്ധാപൂർവം നിർണയിച്ചിരിക്കും.

നിർമിതബുദ്ധിയെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു സാമ്പത്തിക ചോദ്യത്തിൽനിന്ന് തുടങ്ങുന്ന പദ്ധതികളാണ് ഞങ്ങൾ തേടുന്നത്. ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനൊപ്പം, OpenAI ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള ഡാറ്റ ആ ചോദ്യത്തെ പരിശോധിക്കാൻ വ്യതിരിക്തവും അനുഭവാധിഷ്ഠിതവുമായ ഒരു കാഴ്ചപ്പാട് എങ്ങനെ നൽകുമെന്ന് ഈ പദ്ധതികൾ വ്യക്തമായി വിശദീകരിക്കണം.

ഗവേഷണപരിധിയും പ്രധാന ചോദ്യങ്ങളും

താഴെപ്പറയുന്ന അടിസ്ഥാന ചോദ്യങ്ങളിൽ ഒന്നോ അതിലധികമോ അഭിസംബോധന ചെയ്യുന്ന നിർദേശങ്ങൾ ഞങ്ങൾ ക്ഷണിക്കുന്നു. ഈ പട്ടിക സമ്പൂർണമല്ല. സഹകരണവേദിയുടെ വിശാലമായ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ മികച്ച നിർദേശങ്ങളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു:

  • തൊഴിൽവിപണിയിലെ പ്രത്യാഘാതങ്ങൾ: നിർമിതബുദ്ധി ഏതൊക്കെ തൊഴിലുകളെ സ്വാധീനിക്കാം എന്നതിനപ്പുറം, മോഡൽ ശേഷികൾ മെച്ചപ്പെടുമ്പോൾ ഏതൊക്കെ തൊഴിലുകളിലാണ് പ്രവർത്തനശേഷി വർധിക്കൽ, തൊഴിലാളികൾക്ക് പകരം സാങ്കേതികവിദ്യ വരൽ, പുതിയ ചുമതലകളുടെ സൃഷ്ടി, തൊഴിൽവളർച്ച എന്നിവ യഥാർഥത്തിൽ സംഭവിക്കുന്നതോ സംഭവിക്കാൻ സാധ്യതയുള്ളതോ എന്ന് എങ്ങനെ അളക്കാം.

  • തൊഴിലുടമകളുടെ പെരുമാറ്റവും ജോലികളുടെ രൂപകൽപ്പനയും: നിയമനാവശ്യകത, ഒഴിവുള്ള തസ്തികകളുടെ രൂപകൽപ്പന, ഉദ്യോഗാർഥികളുടെ പ്രാഥമിക പരിശോധന, പ്രതിഫലം, സംഘഘടന എന്നിവ ഉൾപ്പെടെ തൊഴിലുടമകളുടെ പെരുമാറ്റത്തിൽ നിർമിതബുദ്ധി എന്ത് മാറ്റമാണ് വരുത്തുന്നത്. സ്ഥാപനങ്ങൾ നിർമിതബുദ്ധിയെ കേന്ദ്രീകരിച്ച് ജോലികൾ പുനർരൂപകൽപ്പന ചെയ്യുന്നുണ്ടോ.

  • കുടുംബക്ഷേമം: ഔപചാരിക ജോലിക്ക് പുറത്ത് നിർമിതബുദ്ധി കുടുംബക്ഷേമത്തെ എങ്ങനെ ബാധിക്കുന്നു. തീരുമാനമെടുക്കൽ, സമയവിനിയോഗം, പരിചരണം, സാമ്പത്തിക ആസൂത്രണം, ആരോഗ്യസേവനങ്ങൾ കണ്ടെത്തി ഉപയോഗിക്കൽ, ദൈനംദിന സാമ്പത്തിക ക്ഷേമം എന്നിവയിൽ എന്തെല്ലാം സ്വാധീനങ്ങളുണ്ട്.

  • നിർമിതബുദ്ധിയും വിദ്യാഭ്യാസവും: അധ്യാപകർ നിർമിതബുദ്ധി ഉപകരണങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത്. നിർമിതബുദ്ധിയുടെ ഫലമായി അവരുടെ ചുമതലകൾ മാറുകയോ വിപുലമാകുകയോ ചെയ്യുന്നുണ്ടോ. നിർമിതബുദ്ധിയുമായുള്ള പരിചയം, പഠനത്തെയും തൊഴിൽജീവിതത്തിനുള്ള തയ്യാറെടുപ്പിനെയും കുറിച്ചുള്ള വിദ്യാർഥികളുടെ തിരഞ്ഞെടുപ്പുകളെ എങ്ങനെ മാറ്റുന്നു. 

  • ലഭ്യതയിലും പ്രയോജനത്തിലുമുള്ള അസമത്വം: നിർമിതബുദ്ധിയുടെ പ്രയോജനം ആർക്കാണ് ലഭിക്കാത്തത്, എന്തുകൊണ്ട്. ഏതൊക്കെ തടസ്സങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടത്, അവ എങ്ങനെ പരിഹരിക്കാം.

  • ചെറുകിട സംരംഭങ്ങളും സ്വതന്ത്ര ജോലിയും: ചെറുകിട സംരംഭങ്ങൾ, സ്വതന്ത്ര തൊഴിലാളികൾ, വ്യക്തിഗത സംരംഭകർ, സൃഷ്ടാക്കൾ, സ്വതന്ത്രമോ അനൗപചാരികമോ ആയ മറ്റ് സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവയെ നിർമിതബുദ്ധി എങ്ങനെ ബാധിക്കുന്നു.

  • പൊതുമേഖലയും പൗരജീവിതവും: പൊതുമേഖലയിലും പൗരജീവിതത്തിലും നിർമിതബുദ്ധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ എന്തെല്ലാമാണ്. പൊതുമേഖലാ ഉൽപ്പാദനക്ഷമത, ആനുകൂല്യങ്ങൾ ലഭ്യമാകൽ, വിദ്യാഭ്യാസ ഭരണം, തൊഴിൽ ഏജൻസികൾ, അനുമതി നൽകൽ, നികുതി ഭരണം, പൊതുസേവന വിതരണം എന്നിവയെ ഇത് എങ്ങനെ ബാധിക്കുന്നു.

  • വിജ്ഞാനോൽപ്പാദനവും നവീകരണവും: ശാസ്ത്രം, ഗവേഷണവും വികസനവും, ഗവേഷണ പ്രവർത്തനക്രമങ്ങൾ, വിദഗ്ധരുടെ ഉൽപ്പാദനക്ഷമത, പേറ്റന്റുകൾ, അത്യാധുനിക അറിവിന്റെ വ്യാപനം എന്നിവ ഉൾപ്പെടെ വിജ്ഞാനോൽപ്പാദനത്തിലും നവീകരണത്തിലും നിർമിതബുദ്ധി എന്ത് മാറ്റമാണ് വരുത്തുന്നത്.

  • വിപണിഘടന: നിർമിതബുദ്ധി സ്വീകരിക്കുന്നത് വിപണിഘടനയെ എങ്ങനെ ബാധിക്കുന്നു. വിപണിയുടെ കേന്ദ്രീകരണം, സ്ഥാപനങ്ങളുടെ മേൽക്കൈ, പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കൽ, വിലപേശൽശേഷി, വിതരണക്കാരുമായുള്ള ബന്ധങ്ങൾ, വിപണിയിൽ പ്രവേശിക്കുന്നതിനുള്ള തടസ്സങ്ങൾ എന്നിവയിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാകുന്നു.

  • മൂല്യം അളക്കൽ: നിർമിതബുദ്ധിയുടെ സാമ്പത്തിക മൂല്യം എങ്ങനെ അളക്കണം. പണം നൽകാനുള്ള സന്നദ്ധത, യഥാർഥ തിരഞ്ഞെടുപ്പുകളിലൂടെ വെളിപ്പെടുന്ന മൂല്യം, ഓരോ ജോലിയിലും ലാഭിക്കുന്ന സമയം, ഒഴിവാക്കാനായ ചെലവുകൾ, ഗുണനിലവാരം കണക്കിലെടുത്തുള്ള ഉൽപ്പാദനം, നിലനിൽക്കുന്ന ഉൽപ്പാദനക്ഷമതാ നേട്ടങ്ങൾ എന്നിവ എങ്ങനെ പരിഗണിക്കണം.

നിർദേശങ്ങൾ ഒറ്റ ചോദ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയോ ബന്ധപ്പെട്ട ചോദ്യങ്ങൾ സംയോജിപ്പിക്കുകയോ ചെയ്യാം. ഗവേഷണചോദ്യം കാര്യകാരണബന്ധം സ്ഥാപിക്കാൻ ആവശ്യപ്പെടുന്നിടത്ത്, സഹബന്ധങ്ങൾ വിവരിക്കുന്നതിനപ്പുറം കാര്യകാരണബന്ധം വിശ്വസനീയമായി തിരിച്ചറിയാൻ കഴിയുന്ന പഠനരൂപകൽപ്പനകളെ ഞങ്ങൾ ശക്തമായി പ്രോത്സാഹിപ്പിക്കുന്നു.

പദ്ധതികളുടെ സമയക്രമവും വൈവിധ്യമാർന്ന പദ്ധതികളെ പിന്തുണയ്ക്കുന്ന സമീപനവും

വ്യത്യസ്ത കാലയളവുകളിലായി പൂർത്തിയാകുന്ന വൈവിധ്യമാർന്ന പദ്ധതികളെ പിന്തുണയ്ക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്:

  • ഹ്രസ്വകാലം (2-6 മാസം): നിലവിലുള്ള അംഗീകൃത ഡാറ്റയോ പൊതുഡാറ്റയോ വ്യക്തമായി പരിധി നിർണയിച്ച പങ്കാളികളുടെ ഡാറ്റയോ ഉപയോഗിച്ച് പ്രാരംഭ സൂചനകൾ കണ്ടെത്തുന്ന, വേഗത്തിൽ പൂർത്തിയാക്കാവുന്ന പഠനങ്ങൾ.

  • ഇടക്കാലം (6-12 മാസം): കാലക്രമത്തിൽ ഫലങ്ങൾ നിരീക്ഷിക്കുകയോ നിർദിഷ്ട ഇടപെടലുകൾ പരീക്ഷിക്കുകയോ അർധപരീക്ഷണാത്മക വ്യതിയാനങ്ങൾ പ്രയോജനപ്പെടുത്തുകയോ ചെയ്യുന്ന പഠനങ്ങൾ.

തങ്ങളുടെ നിർദേശം ഏത് സമയക്രമമാണ് ലക്ഷ്യമിടുന്നതെന്നും പഠിക്കുന്ന ചോദ്യത്തിന് ആ കാലയളവ് അനുയോജ്യമാകുന്നത് എന്തുകൊണ്ടാണെന്നും അപേക്ഷകർ വ്യക്തമാക്കണം.

ധനസഹായവും ഗവേഷണ പിന്തുണാസംവിധാനവും

തിരഞ്ഞെടുക്കുന്ന ഓരോ പദ്ധതിക്കും ലഭിക്കുന്നവ:

  • പ്രധാന ഗവേഷകർക്കുള്ള ഒറ്റത്തവണ ഗവേഷണ ധനസഹായം: $25,000

  • ഗവേഷണ സഹായിക്കുള്ള പ്രതിമാസ ധനസഹായം അല്ലെങ്കിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വ്യക്തിക്കുള്ള പ്രതിഫലം: $7,500

  • ഡാറ്റാ ഭരണം, സ്വകാര്യത, നിയമം, സുരക്ഷ എന്നിവ സംബന്ധിച്ച നിബന്ധനകൾക്ക് വിധേയമായി, രഹസ്യസ്വഭാവം പാലിക്കാനുള്ള കരാറിന്റെ അടിസ്ഥാനത്തിൽ അംഗീകൃതവും സ്വകാര്യതയ്ക്ക് സുരക്ഷിതവുമായ ഉൽപ്പന്ന-ഉപയോഗ ഡാറ്റയിലേക്കുള്ള പ്രവേശനം.

  • പദ്ധതിയുടെ പരിധി നിർണയിക്കൽ, പ്രാരംഭ നടപടികൾ, ഡാറ്റയ്ക്കുള്ള അനുമതികൾ, അവലോകനം, ഫലങ്ങളുടെ പ്രചാരണം എന്നിവയ്ക്കായി സ്ഥാപനത്തിനുള്ളിൽ വ്യക്തമായി നിർവചിച്ച പിന്തുണാസംവിധാനം.

ഏകോപനച്ചെലവ് കുറയ്ക്കാനും നടപ്പാക്കൽ വേഗത്തിലാക്കാനും പ്രായോഗികത ഉറപ്പാക്കിക്കൊണ്ട് ഗവേഷകരുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനുമാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബാഹ്യ സഹകരണങ്ങളിലെ നേരിട്ടുള്ള വിശകലനപ്രവർത്തനങ്ങൾ സന്ദർശക ഗവേഷകനോ അവരുടെ ഗവേഷണ സഹായിയോ നിർവഹിക്കണം. പദ്ധതിക്കായി പ്രത്യേകം ഡാറ്റ ലഭ്യമാക്കുന്നതിനോ വിശകലനം നടത്തുന്നതിനോ സാമ്പത്തിക ഗവേഷണസംഘത്തെ ആശ്രയിക്കരുത്.

പ്രതീക്ഷകളും നൽകേണ്ട ഫലങ്ങളും

ധനസഹായം ലഭിക്കുന്ന പദ്ധതികളിൽ അന്തിമ ഗവേഷണപ്രബന്ധങ്ങൾ മാത്രമല്ല, ഇടയ്ക്ക് കൈവരിക്കേണ്ട വ്യക്തമായ ഘട്ടലക്ഷ്യങ്ങളും ഉണ്ടായിരിക്കണം. ഗവേഷകർ കുറഞ്ഞത് ഇനിപ്പറയുന്നവയെങ്കിലും ചെയ്യേണ്ടതുണ്ട്:

  • പഠനരൂപകൽപ്പന അന്തിമമാക്കൽ, ഡാറ്റയിലേക്കുള്ള പ്രവേശനം, ഇടക്കാല വിശകലനം, കരട് ഫലം തയ്യാറാക്കൽ തുടങ്ങിയ പ്രധാന ഘട്ടലക്ഷ്യങ്ങൾ പദ്ധതിയുടെ സമയക്രമവുമായി ബന്ധപ്പെടുത്തി നിർവചിക്കുക.

  • വിശകലനം ആരംഭിക്കുന്നതിന് മുമ്പ് പ്രാരംഭ നടപടികൾ, കരാർ നടപടികൾ, അംഗീകൃത ഡാറ്റാ പ്രവേശനത്തിനുള്ള നടപടികൾ എന്നിവ പൂർത്തിയാക്കുക.

  • ഇടക്കാല കണ്ടെത്തലുകൾ OpenAI സാമ്പത്തിക ഗവേഷണസംഘവുമായി പങ്കിടുക.

  • ഇടവിട്ടുള്ള ഗവേഷണഫല അവതരണങ്ങളിലോ ഗവേഷണ കൂട്ടായ്മയുടെ ചർച്ചകളിലോ പങ്കെടുക്കുക.

  • കുറിപ്പ്, പ്രവർത്തനപ്രബന്ധം, പ്രസിദ്ധീകരണത്തിനുള്ള കരട്, പൊതുജനങ്ങൾക്കുള്ള സംക്ഷിപ്ത റിപ്പോർട്ട്, മാനദണ്ഡം, ഡാറ്റാസമുച്ചയത്തിന്റെ വിവരണം എന്നിവയിൽ ഏതെങ്കിലും ഒന്നെങ്കിലും എഴുത്തുരൂപത്തിൽ തയ്യാറാക്കുക.

  • മുൻകൂട്ടി സമ്മതിച്ച OpenAI അവലോകനപ്രക്രിയയിലൂടെ ബാഹ്യ ആശയവിനിമയമോ പ്രസിദ്ധീകരണമോ ഏകോപിപ്പിക്കുക.

തെളിവുകൾ, സ്ഥാപനത്തിനുള്ളിൽ നേടുന്ന അറിവ്, സാമ്പത്തിക ഗവേഷണലോകം എന്നിവ തമ്മിൽ നിരന്തരവും അടുത്തതുമായ പരസ്പര കൈമാറ്റം സാധ്യമാക്കുന്ന പ്രവർത്തനങ്ങൾക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്.

നിർദേശങ്ങൾ എങ്ങനെ വിലയിരുത്തും

നിർദേശങ്ങൾ വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ:

  • സാമ്പത്തിക ഗവേഷണസംഘം മുൻഗണന നൽകുന്ന ചോദ്യങ്ങളുമായുള്ള പ്രസക്തി

  • ഗവേഷണരീതിയുടെ കൃത്യതയും വിശ്വാസ്യതയും

  • പദ്ധതിയുടെ പരിധി, ഡാറ്റ, സ്വകാര്യത, നിയമം, സമയക്രമം എന്നിവയിലെ നിയന്ത്രണങ്ങൾ കണക്കിലെടുത്തുള്ള പ്രായോഗികത (ഉദാഹരണത്തിന്: ഒരു സാഹചര്യത്തിലും ഞങ്ങൾ സംഭാഷണ ഡാറ്റ പങ്കിടില്ല)

  • ഘട്ടലക്ഷ്യങ്ങളുടെയും റിപ്പോർട്ട് നൽകാനുള്ള പദ്ധതികളുടെയും വ്യക്തത

  • നേരിട്ടുള്ള പ്രവർത്തനങ്ങൾ ആര് നിർവഹിക്കും എന്നതുൾപ്പെടെ സഹകരണവേദിയുടെ പ്രവർത്തനരീതിയുമായുള്ള പൊരുത്തം

  • നിർമിതബുദ്ധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് സ്ഥാപനത്തിന് പുറത്തുള്ള വിശ്വസനീയമായ തെളിവുകൾക്ക് സംഭാവന നൽകാനുള്ള സാധ്യത

  • അംഗീകൃത OpenAI ഡാറ്റ പുതുമയുള്ളതും സ്വകാര്യത സംരക്ഷിക്കുന്നതുമായ രീതികളിൽ ഉപയോഗിക്കാനുള്ള സാധ്യത

ഇനിപ്പറയുന്നവരിൽനിന്നുള്ള നിർദേശങ്ങൾക്ക് ഞങ്ങൾ മുൻഗണന നൽകും: 

  • തങ്ങൾ നിർദേശിക്കുന്ന ഗവേഷണമേഖലകളിൽ മുമ്പ് ഗവേഷണങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഗവേഷകർ

  • ഉന്നത ലക്ഷ്യങ്ങളുള്ള സഹകരണങ്ങൾ സാധ്യമാക്കുന്ന സവിശേഷ ഡാറ്റ കൈവശമുള്ള ഗവേഷകർ

ഗവേഷണസ്വാതന്ത്ര്യവും കണ്ടെത്തലുകളുടെ ഉപയോഗവും

പഠനരൂപകൽപ്പനയിലും വിശകലനത്തിലും ഗവേഷകർക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കും. കൃത്യത, സ്വകാര്യതാ സംരക്ഷണം, നിയമാനുസൃതത, ഉചിതമായ പശ്ചാത്തലം എന്നിവ ഉറപ്പാക്കാൻ കണ്ടെത്തലുകളുടെ ബാഹ്യ പ്രസിദ്ധീകരണമോ പൊതുവായ ഉപയോഗമോ OpenAIയുമായി ഏകോപിപ്പിക്കും. വിശ്വസനീയമായ അളവെടുപ്പില്ലാതെ ഞങ്ങൾ പുറത്തേക്ക് അവകാശവാദങ്ങൾ ഉന്നയിക്കില്ല.

അപേക്ഷിക്കേണ്ട വിധം

നിർദേശങ്ങൾ ഈ ഫോമിലൂടെ സമർപ്പിക്കണം. അധിക വിവരങ്ങൾ ഒറ്റ ഗൂഗിൾ ഡോക് ലിങ്കായി നൽകണം. അവലംബങ്ങളും അനുബന്ധങ്ങളും ഒഴികെ നിർദേശം മൂന്ന് പേജിൽ കവിയരുത്. ഓരോ നിർദേശത്തിലും ഉൾപ്പെടുത്തേണ്ടത്:

  • ഗവേഷണചോദ്യങ്ങളും അവ തിരഞ്ഞെടുക്കാനുള്ള കാരണവും

  • സഹകരണവേദി മുൻഗണന നൽകുന്ന ഒന്നോ അതിലധികമോ ചോദ്യങ്ങളുമായുള്ള പൊരുത്തം

  • നിർദിഷ്ട ഗവേഷണരീതിയും അനുഭവാധിഷ്ഠിത പഠനത്തിനുള്ള തന്ത്രവും

  • ആവശ്യമായ ഡാറ്റ: നിർമിതബുദ്ധിയെക്കുറിച്ചുള്ള വിശാലമായ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ സഹായിക്കുന്ന, OpenAI ഉപകരണങ്ങളുടെ ഉപയോഗത്തിൽനിന്നുള്ള നിർദിഷ്ട അംഗീകൃത സൂചകം ഏതെന്നും പഠനരൂപകൽപ്പന സ്വകാര്യത എങ്ങനെ സംരക്ഷിക്കുമെന്നും വ്യക്തമാക്കണം

  • ലക്ഷ്യമിടുന്ന സമയക്രമവും പ്രധാന ഘട്ടലക്ഷ്യങ്ങളും

  • ഗവേഷണസംഘത്തിന്റെയും നിർദേശിക്കുന്ന ഗവേഷണ സഹായിയുടെയോ സന്ദർശക ഗവേഷകന്റെയോ വിവരങ്ങൾ

  • തെളിവുകൾ, സ്ഥാപനത്തിനുള്ളിലെ അറിവ്, അംഗീകൃത പൊതു ആശയവിനിമയം എന്നിവയ്ക്ക് പ്രതീക്ഷിക്കുന്ന സംഭാവനകൾ

  • പരിധിയുടെ നിർവചനം: ഉൾപ്പെടുന്നതും ഉൾപ്പെടാത്തതുമായ വിശകലനങ്ങൾ, ഫലങ്ങൾ, ഭൂമിശാസ്ത്ര മേഖലകൾ, ബന്ധപ്പെട്ട കക്ഷികൾ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം

  • വിജയമാനദണ്ഡങ്ങൾ, പരാജയമായി കണക്കാക്കേണ്ട സാഹചര്യങ്ങൾ, ആശ്രിത ഘടകങ്ങൾ, നിയന്ത്രണങ്ങൾ, ലഭ്യമാക്കുമെന്ന് ഉറപ്പുനൽകുന്ന വിഭവങ്ങൾ

സമയക്രമം

  • നിർദേശങ്ങൾക്കുള്ള ക്ഷണം പുറപ്പെടുവിക്കുന്നത്: 2026 ജൂൺ 8

  • നിർദേശങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ജൂലൈ 5

  • നിർദേശങ്ങളിലെ തീരുമാനങ്ങൾ അറിയിക്കുന്നത്: 2026 ജൂലൈ 31

നിരാകരണക്കുറിപ്പ്: നിർദേശങ്ങൾക്കുള്ള ഈ ക്ഷണം വിവരങ്ങൾ നൽകാനും വിലയിരുത്താനും മാത്രമുള്ളതാണ്. ഇത് OpenAIക്കോ ഏതെങ്കിലും അപേക്ഷകനോ നിയമപരമായി ബാധകമായ ഒരു ബാധ്യതയും സൃഷ്ടിക്കുന്നില്ല. ഇവിടെ വിവരിച്ചിരിക്കുന്ന എല്ലാ വ്യവസ്ഥകളും പ്രാഥമികവും മാറ്റത്തിന് വിധേയവുമാണ്. നിർദേശം സമർപ്പിക്കുന്നതോ OpenAI സാമ്പത്തിക ഗവേഷണ സഹകരണവേദിയിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെടുന്നതോ ധനസഹായം, പ്രതിഫലം, കരാർബന്ധം എന്നിവയ്ക്കുള്ള അവകാശം സൃഷ്ടിക്കുന്നില്ല. OpenAIയും തിരഞ്ഞെടുക്കപ്പെട്ട കക്ഷിയും തമ്മിൽ അന്തിമ രേഖാമൂലമുള്ള കരാർ ഒപ്പുവെക്കുമ്പോൾ മാത്രമേ അത്തരം ബാധ്യതകൾ ഉണ്ടാകൂ. 

രചയിതാവ്

OpenAI