OpenAI മോഡലുകളുമായി ആംപ്: കോഡിനപ്പുറം ഏജന്റുകൾ
GPT‑6 Astra, അതിവേഗ മോഡ്, GPT‑Live‑1, ‘ChatGPT ഉപയോഗിച്ച് പ്രവേശിക്കുക’ എന്നിവയിലൂടെ ആംപ് ഏജന്റുകളുടെ കഴിവുകൾ വിപുലമാക്കുന്നത് കാണുക.
വലിയ ആശയങ്ങളെ പ്രവർത്തിക്കുന്ന സോഫ്റ്റ്വെയറാക്കി മാറ്റാൻ വികസകരെ സഹായിക്കുന്ന ഒരു അത്യാധുനിക നിർമിതബുദ്ധി ഏജന്റ് നിർമിക്കുകയാണ് ആംപ്(പുതിയ വിൻഡോയിൽ തുറക്കുന്നു). എന്ത് നിർമിക്കണമെന്ന് തീരുമാനിക്കാൻ വികസകരെ സഹായിക്കുക, കോഡ് എഴുതുക, പേജുകൾ രൂപകൽപ്പന ചെയ്യുക—ആംപിന്റെ മുഖ്യ നിർവാഹക ഉദ്യോഗസ്ഥനായ ക്വിൻ സ്ലാക്കിന്, മോഡലുകളിലെ ഓരോ മെച്ചപ്പെടുത്തലും ഏജന്റിന്റെ കഴിവുകൾ വിപുലമാക്കാനുള്ള അവസരമാണ്.
ഉപയോക്താക്കൾക്ക് ഏറ്റവും പ്രയോജനപ്പെടുന്ന മോഡലുകളാണ് ആംപ് തിരഞ്ഞെടുക്കുന്നതും ശുപാർശ ചെയ്യുന്നതും. ആംപിൽ ഉപയോഗിക്കുന്ന ടോക്കണുകളിൽ ഭൂരിഭാഗവും OpenAI മോഡലുകളിലാണ് ചെലവാകുന്നത്. ക്വിൻ പറയുന്നു, “OpenAI വളരെ സുതാര്യമായാണ് പ്രവർത്തിക്കുന്നത്. സുരക്ഷാ നടപടികൾ ഏർപ്പെടുത്തുമ്പോൾ ഉപയോക്താക്കൾ അത് അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു. അത് OpenAI മോഡലുകളുടെ ഉപയോഗം ഏറെ എളുപ്പമാക്കുന്നു. OpenAI മോഡലുകൾ ഉപയോഗിച്ച് ആംപിൽ നിങ്ങളുടെ എല്ലാ ജോലികളും ചെയ്യാം, ഫലത്തിൽ പൂർണ സംതൃപ്തിയും നേടാം.”
“OpenAI മോഡലുകൾ തുടർച്ചയായി മെച്ചപ്പെടുന്നത് ഞങ്ങളുടെ ഉപയോക്താക്കൾ ഏറെ വിലമതിക്കുന്നു.”
സ്രഷ്ടാക്കൾ ഏജന്റുകൾക്ക് കൂടുതൽ ജോലി നൽകുമ്പോൾ ടോക്കണുകളുടെ ചെലവ് ഒരു തടസ്സമായേക്കാം. ചില ആംപ് ഉപയോക്താക്കൾ ആഴ്ചയിൽ 1,000 കോടി ടോക്കണുകൾ ഉപയോഗിക്കുന്നതായി ക്വിൻ പറയുന്നു. ഉപയോഗത്തിലെ ഓരോ ചെറിയ വർധനയും നിരീക്ഷിച്ചുകൊണ്ടിരുന്നാൽ, ഒരു ഏജന്റിന് എന്തെല്ലാം ചെയ്യാനാകുമെന്ന് കണ്ടെത്തുന്നതിൽനിന്ന് ആളുകൾ പിന്തിരിഞ്ഞേക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ഈ പ്രശ്നം ലഘൂകരിക്കാൻ, ആംപ് ‘ChatGPT ഉപയോഗിച്ച് പ്രവേശിക്കുക’ എന്ന സൗകര്യം സംയോജിപ്പിച്ചു. ഇതിലൂടെ ആംപ് ഉപയോക്താക്കൾക്ക് കൂടുതൽ ടോക്കണുകളും GPT‑6 Astra ഉൾപ്പെടെയുള്ള OpenAI മോഡലുകളും ലഭിക്കുമെന്ന് ക്വിൻ പറയുന്നു. വലിയ ജോലികൾ ഏജന്റിനെ ഏൽപ്പിക്കാൻ ഇത് അവരെ കൂടുതൽ സന്നദ്ധരാക്കുന്നു.
“‘ChatGPT ഉപയോഗിച്ച് പ്രവേശിക്കുക’ എന്ന സൗകര്യമുള്ളപ്പോൾ ഓരോ ടോക്കണും എണ്ണിനോക്കേണ്ടതില്ലെന്ന ആശ്വാസം ആളുകൾക്ക് ലഭിക്കുന്നു,” അദ്ദേഹം പറയുന്നു. “ഏജന്റിന് കൂടുതൽ സ്വാതന്ത്ര്യം നൽകി പ്രവർത്തിക്കാൻ അനുവദിക്കുമ്പോഴാണ് അതിന് എത്രയേറെ ചെയ്യാനാകുമെന്ന് മനസ്സിലാകുന്നത്.” ആസൂത്രണം ചെയ്യാനും എന്ത് നിർമിക്കണമെന്ന് തീരുമാനിക്കാനും ഉൽപ്പന്നം പുറത്തിറക്കിയ ശേഷവും ജോലി തുടരാനും ആളുകൾ ഏജന്റിനെ ഉപയോഗിക്കുന്നത് കാണുന്നുണ്ടെന്ന് ക്വിൻ പറയുന്നു.
ഒരു ഉൽപ്പന്നം നിർമിക്കാനും വളർത്താനും വേണ്ട എല്ലാ ജോലികളിലും ഏജന്റുകൾ സഹായിക്കണമെന്നാണ് ആംപ് ആഗ്രഹിക്കുന്നത്. ആംപിന്റെ 20 അംഗ സംഘം വിപണനം ഉൾപ്പെടെയുള്ള ജോലികളിൽ അവയെ അങ്ങനെ ഉപയോഗിക്കുന്നു. “അതിനായി മാത്രം നിയോഗിച്ച ഒരാൾ ഞങ്ങൾക്കില്ല. പക്ഷേ, അതിനായി ഒരു ഏജന്റുണ്ട്,” ക്വിൻ പറയുന്നു. പുതിയ ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനും തിരയലിലൂടെയും മറ്റു മാർഗങ്ങളിലൂടെയും കൂടുതൽ ആളുകളിലേക്ക് ആംപിനെ എത്തിക്കാനും സംഘം ഏജന്റിനെ ആശ്രയിക്കുന്നു.
ഈ ജോലിക്ക് മികച്ച എഴുത്തും രൂപകൽപ്പനയും നിർണായകമാണ്. ആംപിന്റെ കർശനമായ നിലവാര മാനദണ്ഡങ്ങൾ പാലിക്കുന്ന രേഖകളും പേജ് രൂപകൽപ്പനകളും തയ്യാറാക്കാൻ GPT‑6 Astra സംഘത്തെ സഹായിക്കുന്നു.
“ഞങ്ങളുടേത് തികച്ചും വ്യത്യസ്തമായ രൂപകൽപ്പനാശൈലിയും എഴുത്തുശൈലിയുമാണ്. ഇക്കാര്യത്തിൽ ഞങ്ങൾ വളരെ കണിശക്കാരാണ്. എന്നിട്ടും GPT-6 Astra നൽകുന്ന ഫലങ്ങളിൽ ഞങ്ങൾ ഏറെ സന്തുഷ്ടരാണ്.”
GPT‑6 Astra ഉപയോഗിച്ചുള്ള ക്വിന്റെ പരീക്ഷണങ്ങൾ വീട്ടിലും തുടരുന്നു. സ്വന്തം വീടിന്റെ പ്ലാനുകൾ നൽകി, ബ്ലെൻഡറിൽ അതിന്റെ ത്രിമാന മാതൃക സൃഷ്ടിക്കാൻ അദ്ദേഹം അത് ഉപയോഗിച്ചു. പിന്നീട് അദ്ദേഹവും കുട്ടികളും ആ മാതൃകയെ കളികളാക്കി മാറ്റുന്നു: വീടിനുള്ളിലൂടെ മെല്ലെ ഒഴുകുന്ന ഒരു പുഴ ചേർക്കുക, അല്ലെങ്കിൽ വീടിനുചുറ്റും വെളുത്തുള്ളിയെ പിന്തുടരുക. മുത്തശ്ശിക്ക് വെളുത്തുള്ളിയോടുള്ള അനിഷ്ടമാണ് ആ കളിക്ക് പ്രചോദനമായത്. “വെറും രണ്ടു മാസം മുമ്പ് ഇതൊന്നും സാധ്യമായിരുന്നില്ല,” അദ്ദേഹം പറയുന്നു.
ആംപിൽ ഉൾപ്പെടുത്തിയ സംഭാഷണാധിഷ്ഠിത നിർമിതബുദ്ധി സഹായിയായ പക്കിനെ അടുത്തിടെ അവതരിപ്പിച്ചു. മറ്റ് ഏജന്റുകളെ പ്രവർത്തിപ്പിക്കാനും നിയന്ത്രിക്കാനും ഇത് ഉപയോക്താക്കളെ സഹായിക്കുന്നു. സോഫ്റ്റ്വെയറിലെ പിശക് അന്വേഷിക്കാൻ ഒരു ഏജന്റിനെ പ്രവർത്തിപ്പിക്കാനോ നിരവധി ഏജന്റുകളെ ഏകോപിപ്പിക്കാനോ സാങ്കേതിക പ്രശ്നത്തെക്കുറിച്ചുള്ള മുൻ സംഭാഷണം കണ്ടെത്താനോ ഉപയോക്താക്കൾക്ക് പക്കിനോട് ആവശ്യപ്പെടാം.
GPT‑Live‑1 ഉപയോഗിച്ച് പ്രവർത്തിക്കുന്ന ‘പക്കിനെ വിളിക്കുക’ എന്ന സൗകര്യത്തിലൂടെ ഉപയോക്താക്കൾക്ക് പക്കിനോട് തത്സമയം സംസാരിക്കാം—വാച്ചിൽനിന്നുപോലും. കമ്പ്യൂട്ടറിന് സമീപമില്ലാത്തപ്പോഴും, ഓടാൻ ഇറങ്ങുമ്പോൾപ്പോലും, ഏജന്റുകളെ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കാൻ ആളുകൾ ഇത് ഉപയോഗിക്കുമെന്ന് ക്വിൻ സങ്കൽപ്പിക്കുന്നു.
GPT‑6 Astra ഉപയോഗിച്ച് ആംപ് അതിവേഗ മോഡ് പരീക്ഷിച്ചുവരുന്നു. വർധിച്ച വേഗത ആളുകൾ ഏജന്റുകളെ ഉപയോഗിക്കുന്ന രീതി മാറ്റുന്നുവെന്ന് ക്വിൻ പറയുന്നു. ഇന്ന്, ഓരോ ജോലിയും പൂർത്തിയാകാൻ കാത്തിരിക്കുമ്പോൾ ആളുകൾ പലപ്പോഴും വിവിധ ഏജന്റുകളുടെ ജോലികൾക്കിടയിൽ മാറിമാറി ശ്രദ്ധ നൽകുന്നു. മറുപടികൾ വേഗത്തിലാകുമ്പോൾ ഒരേസമയം കൈകാര്യം ചെയ്യേണ്ട ഏജന്റുകളുടെ എണ്ണം കുറയ്ക്കാം. അല്ലെങ്കിൽ, ഫലം നൽകുംമുമ്പ് സ്വന്തം ജോലി പരിശോധിക്കാൻ ഏജന്റുകൾക്ക് കൂടുതൽ സമയം നൽകാം.
“ഇത്രയും മികവും ഇത്രയും വേഗവുമുള്ള ഒരു മോഡൽ ആളുകൾ ഇതുവരെ കണ്ടിട്ടില്ല.”
കോഡിങ്ങിന് മുമ്പും ശേഷവുമുള്ള കൂടുതൽ ജോലികൾ ഏജന്റിനെ ഏൽപ്പിക്കുകയാണ് ആംപിന്റെ അടുത്ത ലക്ഷ്യം. അതോടെ ഓരോ ഘട്ടവും സ്വയം കൈകാര്യം ചെയ്യാതെതന്നെ സ്രഷ്ടാക്കൾക്ക് ഒരു ആശയത്തെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകാം. “മനുഷ്യർ എന്തൊക്കെ സൃഷ്ടിക്കുമെന്ന് നമുക്കിന്ന് അറിയില്ല. അതാണ് നമുക്കെല്ലാവർക്കും ഇനി കാണാനാകുക. അതിൽ ഒരു പങ്കുവഹിക്കാൻ കഴിയുന്നത് സന്തോഷകരമാണ്,” ക്വിൻ പറയുന്നു.


