ഇടപാട് പരിശോധനയ്ക്ക് റോപ്സ് & ഗ്രേ AI ഒരുക്കുന്നതെങ്ങനെ
നിയമസ്ഥാപനമായ റോപ്സ് & ഗ്രേ, OpenAI-യുമായി ചേർന്ന് ഇടപാടുകളുടെ സമഗ്ര പരിശോധനയ്ക്കുള്ള AI ഉപകരണം വികസിപ്പിക്കുന്നു.

ഇടപാടുകളുടെ സമഗ്ര പരിശോധനയിൽ, അഭിഭാഷകർക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ വൻതോതിലുള്ള രേഖകൾ പരിശോധിക്കേണ്ടിവരും. നിയമരംഗത്ത് AI ആദ്യമായി ഉപയോഗിച്ചുതുടങ്ങിയ സ്ഥാപനങ്ങളിലൊന്നാണ് റോപ്സ് & ഗ്രേ. കൂടുതൽ ഇടപാടുകാർക്ക് കൂടുതൽ വിദഗ്ധസേവനം നൽകാൻ OpenAI-യുമായി ചേർന്ന് അവർ ഇപ്പോൾ സ്വന്തമായി ഒരു AI ഉപകരണം വികസിപ്പിക്കുകയാണ്.
“കൂടുതൽ വേഗത്തിൽ പ്രവർത്തിക്കുമ്പോഴും ഉപദേശത്തിന്റെ അതേ ഗുണനിലവാരവും സ്ഥിരതയും നിലനിർത്താനാകുമെന്ന് ഉറപ്പാക്കാനുള്ള ഒരേയൊരു മാർഗമല്ലെങ്കിലും, പ്രധാന മാർഗങ്ങളിലൊന്നാണ് AI.”
ഏതൊരു ഏറ്റെടുക്കലും ഉറപ്പിക്കുന്നതിനുമുമ്പ്, വിൽപ്പനക്കാരന്റെ സാമ്പത്തികവും നിയമപരവുമായ അവകാശവാദങ്ങൾ ശരിയാണെന്ന് ഉറപ്പാക്കാൻ വാങ്ങുന്നയാൾ സമഗ്രമായ അന്വേഷണം നടത്തണം. ഇടപാടിന്റെ ഈ സമഗ്ര പരിശോധന അപകടസാധ്യതകളും ബാധ്യതകളും കണ്ടെത്തുന്നു. ഇതിനായി വൻതോതിലുള്ള വിവരങ്ങൾ പരിശോധിക്കേണ്ടതിനാൽ സാധാരണയായി അഭിഭാഷകരുടെ ഒരു സംഘം മുഴുവൻ ഇതിൽ പങ്കാളികളാകും.
ഒട്ടേറെ രേഖകൾ പരിശോധിക്കുന്നതുമുതൽ ആവർത്തിക്കുന്ന പ്രവണതകൾ വിശകലനം ചെയ്യുന്നതുവരെ, ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു വാങ്ങൽ നിർദേശം തയ്യാറാക്കാൻ ദിവസങ്ങൾ നീളുന്ന തീവ്രശ്രമം വേണ്ടിവന്നേക്കാം. ഇടപാടുകാർക്ക് വേഗത്തിൽ മുന്നോട്ടുപോകാൻ അഭിഭാഷകരുടെ സഹായം ഉറപ്പാക്കുന്നതിനായി, റോപ്സ് & ഗ്രേ OpenAI-യുമായി ചേർന്ന് ഇടപാടുകളുടെ സമഗ്ര പരിശോധനയ്ക്കുള്ള ഒരു AI ഉപകരണം വികസിപ്പിച്ചു.
“ഞങ്ങൾ യഥാർഥത്തിൽ ചെയ്യേണ്ട ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സ്ഥാപനത്തിലെ എല്ലാ അഭിഭാഷകരെയും ഇത് പ്രാപ്തരാക്കുന്നു,” റോപ്സ് & ഗ്രേയിലെ പങ്കാളിയും നിയമസേവനങ്ങളിലെ AI ഉപയോഗത്തിന് നേതൃത്വം നൽകുന്നയാളുമായ ഹോവാർഡ് ഗ്ലേസർ പറയുന്നു. “കരാറുകൾ പരിശോധിക്കാനല്ല ഇടപാടുകാർ ഞങ്ങൾക്ക് പ്രതിഫലം നൽകുന്നത്. കരാറിലെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ വിവേചനത്തോടെ തീരുമാനങ്ങളെടുക്കാനാണ്.”
ആയിരക്കണക്കിന് പേജുകൾ സൂക്ഷ്മമായി പരിശോധിച്ച്, പ്രസക്തമായ രേഖകൾ കണ്ടെത്തി, വിഷയങ്ങളുടെയും പ്രശ്നങ്ങളുടെയും അടിസ്ഥാനത്തിൽ അവയെ സ്വയമേവ തരംതിരിച്ചാണ് പുതിയ AI ഉപകരണം പ്രാഥമിക പരിശോധന നടത്തുന്നത്. അന്വേഷണത്തോടൊപ്പം, സംഗ്രഹങ്ങളും റോപ്സ് & ഗ്രേയുടെ തനത് മാതൃകയിൽ പൂർണമായ റിപ്പോർട്ടും ഈ ഉപകരണം തയ്യാറാക്കുന്നു. രേഖാശേഖരത്തിലെ ഉള്ളടക്കം പട്ടികപ്പെടുത്തി തരംതിരിക്കുന്നതിനാൽ, ഒറ്റപ്പെട്ട രേഖകൾക്കുപകരം അവ പ്രതിനിധീകരിക്കുന്ന ബിസിനസ് ബന്ധങ്ങൾ സമഗ്രമായി പരിശോധിക്കാൻ ഇതിന് കഴിയും. തീർച്ചയായും, ഒന്നും വിട്ടുപോയിട്ടില്ലെന്ന് ഉറപ്പാക്കാൻ അഭിഭാഷകർക്ക് ഈ കൂട്ടങ്ങളും വർഗീകരണവും പരിശോധിക്കാം.
ആദ്യഘട്ട വികസനപ്രവർത്തനങ്ങൾ നിർണായക വാണിജ്യ കരാറുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രവർത്തനയോഗങ്ങളിൽ, റോപ്സ് & ഗ്രേയിലെ അഭിഭാഷകർ പരീക്ഷണഫലങ്ങളെ പൂർത്തിയായ ഇടപാടുകൾക്കായി മനുഷ്യർ തയ്യാറാക്കിയ പരിശോധനാ റിപ്പോർട്ടുകളുമായി താരതമ്യം ചെയ്തു. തുടർന്ന്, കരടുകളിലെ ശരിയായ കാര്യങ്ങളും പോരായ്മകളും വിലയിരുത്തി മാനദണ്ഡങ്ങളും റിപ്പോർട്ടിന്റെ രൂപവും മെച്ചപ്പെടുത്തി.
പ്രാഥമിക പരിശോധനകൾ മുതൽ സംഗ്രഹങ്ങളും ഉന്നതതല അവലോകനങ്ങളും വരെ സ്വന്തം സംഘം പിന്തുടരുന്ന അതേ നടപടികൾ അനുകരിക്കുന്ന വിധത്തിലാണ് റോപ്സ് & ഗ്രേ ഈ ഉപകരണം രൂപകൽപ്പന ചെയ്തത്. ഇതിനായി സ്ഥിരതയുള്ള ചോദ്യനിർദേശവും ചട്ടക്കൂടും ഉപയോഗിക്കുന്നു. പ്രാരംഭതലത്തിലോ ഇടത്തരം തലത്തിലോ ഉള്ള ഒരു കഴിവുറ്റ അഭിഭാഷകന്റെ ജോലിക്ക് സമാനമായ ഫലമാണ് ഈ ഉപകരണം നൽകുന്നത്. നടപടിക്രമത്തിന്റെ ആദ്യഘട്ടമായി ഉപയോഗിക്കാവുന്ന, സ്ഥിരതയാർന്ന ഉയർന്ന നിലവാരമുള്ള ജോലിയാണിത്.
“ഞങ്ങളുടെ അഭിഭാഷകർ ഇപ്പോഴും എല്ലാം പരിശോധിക്കേണ്ടതുണ്ട്,” ലിക്റ്റൻസ്റ്റൈൻ പറയുന്നു. “കാരണം, ഇടപാടുകാരന് നൽകുന്ന എന്തിന്റെയും ഉത്തരവാദിത്വം 100% ഏറ്റെടുക്കാൻ ഞങ്ങൾക്ക് കഴിയണം. അതുകൊണ്ടാണ് ഇടക്കാല സംഗ്രഹങ്ങളും യഥാർഥ രേഖകളും അഭിഭാഷകർക്ക് എളുപ്പത്തിൽ പരിശോധിക്കാനാകുന്ന വിധത്തിൽ ഈ ഉപകരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്.” പ്രാഥമിക പരിശോധന പൂർത്തിയായിക്കിട്ടുന്നതിനാൽ, അഭിഭാഷകർക്ക് ആ ജോലി വിലയിരുത്താനും മെച്ചപ്പെടുത്താനും കൂടുതൽ സമയം ചെലവഴിക്കാം. അങ്ങനെ കൂടുതൽ സൂക്ഷ്മമായി വിലയിരുത്തിയ അന്തിമ നിഗമനത്തിലെത്താം.
ഓരോ പ്രശ്നവും വിശദമായി വിലയിരുത്തുന്ന സമഗ്ര പരിശോധനാ റിപ്പോർട്ട് ആഴ്ചകൾക്കുപകരം മണിക്കൂറുകൾക്കുള്ളിൽ തയ്യാറാക്കാൻ ഈ ഉപകരണത്തെ പ്രാപ്തമാക്കുക എന്ന ലക്ഷ്യം റോപ്സ് & ഗ്രേ പരസ്യമായി പങ്കുവെച്ചിട്ടുണ്ട്.
സ്വന്തമായി വികസിപ്പിച്ച പരിശോധനാ ഉപകരണവും GPT‑6 Astra-യും പോലുള്ള സംവിധാനങ്ങളിലൂടെ, ഇടപാടുകാരുടെ പ്രശ്നങ്ങൾ മുൻപത്തേക്കാൾ വളരെ വേഗത്തിൽ പരിഹരിക്കാൻ റോപ്സ് & ഗ്രേയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഈ ഉപകരണം രേഖാശേഖരത്തിലെ ഉള്ളടക്കം പട്ടികപ്പെടുത്തി തരംതിരിക്കുകയും ബന്ധപ്പെട്ട രേഖകളെ വിഷയങ്ങളുടെയും പ്രശ്നങ്ങളുടെയും അടിസ്ഥാനത്തിൽ കൂട്ടങ്ങളാക്കുകയും ചെയ്യുന്നു.
ഈ പ്രവർത്തനക്രമം സംഗ്രഹങ്ങളും റോപ്സ് & ഗ്രേയുടെ മാതൃകയിലുള്ള റിപ്പോർട്ടും തയ്യാറാക്കുന്നു.
ഇടപാടുകാർക്ക് ഫലങ്ങൾ കൈമാറുന്നതിനുമുമ്പ് അഭിഭാഷകർ ഇടക്കാല സംഗ്രഹങ്ങളും മൂലരേഖകളും പരിശോധിക്കുന്നു.
മൂല്യനിർണയ മാനദണ്ഡങ്ങളും റിപ്പോർട്ടിന്റെ രൂപവും മെച്ചപ്പെടുത്താൻ, പരീക്ഷണഘട്ടത്തിൽ കരടുകളെ അഭിഭാഷകർ തയ്യാറാക്കിയ സമഗ്ര പരിശോധനാ റിപ്പോർട്ടുകളുമായി താരതമ്യം ചെയ്യുന്നു.
AI ഉപയോഗിച്ചുള്ള അനുഭവത്തിൽനിന്ന് ലിക്റ്റൻസ്റ്റൈനും ഗ്ലേസറും രണ്ട് പാഠങ്ങൾ പങ്കുവെക്കുന്നു.
എല്ലാ കാര്യങ്ങൾക്കും AI ഉപയോഗിച്ച് പരീക്ഷിച്ചുനോക്കുക. ഔപചാരിക വേഷത്തിനിണങ്ങുന്ന ചെരുപ്പുകൾ കണ്ടെത്തുന്നതുമുതൽ സ്വന്തം കുട്ടികൾക്കായി സംഭാഷണത്തിലൂടെ AI-യെക്കൊണ്ട് കളികൾക്കുള്ള പ്രോഗ്രാം എഴുതിക്കുന്നതുവരെ, ജീവിതത്തിന്റെ എല്ലാ മേഖലകളിലും ലിക്റ്റൻസ്റ്റൈൻ AI ഉപയോഗിക്കുന്നു. “ഇത്രയധികം വ്യത്യസ്ത കാര്യങ്ങൾക്ക് ഇത് ഉപയോഗിച്ചതിലൂടെ മാത്രം, ഇത് എന്തെല്ലാം നന്നായി ചെയ്യുന്നുവെന്നും ഇതിനെ എങ്ങനെ കൂടുതൽ നന്നായി പ്രവർത്തിപ്പിക്കാമെന്നും ഏറെ പഠിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്,” ലിക്റ്റൻസ്റ്റൈൻ വിശദീകരിക്കുന്നു. “ഇത് നന്നായി പ്രവർത്തിക്കുമ്പോഴല്ല ഏറ്റവും കൂടുതൽ നേട്ടം ലഭിക്കുന്നത്. തെറ്റ് കാണുകയും എന്തു ചെയ്യണമെന്ന് കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ്. അവിടെയാണ് കൗതുകത്തിന് ഉപയോഗിച്ചിരുന്ന ഒന്നിൽനിന്ന് എന്റെ തൊഴിലിനുള്ള കരുത്തുറ്റ ഉപകരണമായി ഇത് മാറിയത്.”
ഇടപാടുകാർക്ക് മുൻഗണന നൽകുക. AI ഉപകരണങ്ങളും പ്രവർത്തനക്രമങ്ങളും രൂപകൽപ്പന ചെയ്യുമ്പോൾ, സ്ഥാപനത്തിന്റെ പരമപ്രധാനമായ ലക്ഷ്യം മനസ്സിൽ സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം റോപ്സ് & ഗ്രേ ഊന്നിപ്പറയുന്നു. “ഇത്രയധികം സാധ്യതകളുണ്ടെന്ന ചിന്ത ആവേശകരമാണ്. പക്ഷേ, ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് പഠിക്കുകയും നേട്ടം ലഭിക്കുന്നത് ഞങ്ങളുടെ ഇടപാടുകാർക്കാണെന്ന് ഉറപ്പാക്കുകയും ചെയ്താൽ മാത്രമേ കാര്യമുള്ളൂ,” ഗ്ലേസർ പറയുന്നു. “ഇടപാടുകാർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ ഇത് എങ്ങനെ ഉപയോഗിക്കാം എന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. അത് ചെയ്താൽ ബാക്കിയെല്ലാം നന്നായി നടക്കും.”
ഇന്ന് നിയമപരമായ സമഗ്ര പരിശോധനയിൽ റോപ്സ് & ഗ്രേയെ സഹായിക്കുന്ന AI, അടുത്ത ഘട്ടത്തിൽ സ്ഥാപനത്തിനുള്ളിൽ ഒരു കൂട്ടായ വിജ്ഞാനശേഖരം സൃഷ്ടിക്കാൻ സഹായിക്കുമെന്ന് ഗ്ലേസർ വിശ്വസിക്കുന്നു.
340 പങ്കാളികളും 1500 അഭിഭാഷകരുമുള്ള റോപ്സ് & ഗ്രേ, ഓരോരുത്തരുടെയും അറിവ് എല്ലാവർക്കും ലഭ്യമാക്കുന്നതിൽ മൂല്യം കാണുന്നു. ഇടപാടുകാരുമായുള്ള കൂടിക്കാഴ്ചകൾ മുതൽ മുൻ പദ്ധതികൾ വരെയുള്ള ഈ അറിവ്, ഇടപാടുകാരുടെ പ്രശ്നങ്ങൾ കൂടുതൽ ഫലപ്രദമായി പരിഹരിക്കാൻ സഹായിക്കും.
“അത് സമയം ലാഭിക്കൽ മാത്രമല്ല. പണം ലാഭിക്കൽ മാത്രവുമല്ല,” ഗ്ലേസർ പറയുന്നു. “AI ഉപകരണങ്ങൾ ഉപയോഗിച്ച് നേരിട്ട് മൂല്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അത് ശരിക്കും അതിശയകരമാണ്.”


