നിർണ്ണായക സൈബർ ശേഷിയുടെ അത്യാധുനിക തലത്തിലേക്ക് ചുവടുവെക്കുന്നു
സൈബർ പ്രതിരോധം ശക്തമാക്കാനും അതുപോലെ തന്നെ മുൻപില്ലാത്ത വിധം വളരെ വേഗത്തിലും തോതിലും ആക്രമണങ്ങൾ നടത്താനും സഹായിക്കുന്ന രീതിയിൽ മോഡലുകളൂടെ ശേഷി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്; ഇതിനാൽ സൈബർ സുരക്ഷാ രംഗം അതിവേഗം മാറുകയാണ്.
വരാനിരിക്കുന്ന ഞങ്ങളുടെ മോഡലുകളിലൊന്നായ Astra-യെക്കുറിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ നടത്തിയ ഏറ്റവും പുതിയ ആഭ്യന്തര വിലയിരുത്തലുകൾ ഏജൻ്റിക് കോഡിംഗിലും സൈബർ സുരക്ഷയിലും ഗണ്യമായ പുരോഗതി സൂചിപ്പിക്കുന്നു. ഈ ഫലങ്ങളും വിദഗ്ധരുടെ വിലയിരുത്തലുകളും പരിഗണിച്ച്, ഞങ്ങളുടെ പ്രിപെയർഡ്നസ് ഫ്രെയിംവർക്ക്(പുതിയ വിൻഡോയിൽ തുറക്കുന്നു) പ്രകാരമുള്ള നിർണായക സൈബർ ശേഷികളുടെ സാധ്യത തള്ളിക്കളയാനാകില്ലെന്ന് കഴിഞ്ഞ രാത്രി ഞങ്ങൾ നിഗമനത്തിലെത്തി.
സാങ്കേതിക ശേഷികളിൽ സംഭവിക്കാനിടയുള്ള ഈ മാറ്റത്തെക്കുറിച്ച് പൊതുജനങ്ങളോടും സുരക്ഷാ വിഭാഗങ്ങളോടും സുതാര്യത പുലർത്തേണ്ടത് പ്രധാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നതിനാലാണ് ഈ വിവരങ്ങൾ പങ്കിടുന്നത്.
ഞങ്ങൾ ആദ്യമായി ഞങ്ങളുടെ പ്രിപെയർഡ്നസ് ഫ്രെയിംവർക്ക് പ്രസിദ്ധീകരിക്കുന്നത് 2023 ഡിസംബറിലാണ്; മോഡലുകൾ ഈ തലത്തിലുള്ള ജീവശാസ്ത്ര, രസതന്ത്ര, സൈബർ സുരക്ഷ, AI-യുടെ സ്വയം മെച്ചപ്പെടുത്തൽ എന്നിവയിൽ എത്തുന്നതിനും എത്രയോ മുമ്പായിരുന്നു അത്. സാങ്കേതിക ശേഷികളിലുണ്ടാകുന്ന പുരോഗതി തിരിച്ചറിയുന്നതിനും അത്തരം ശേഷികൾ വികസിച്ചുവരുമ്പോൾ ഞങ്ങളുടെ കമ്പനി എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് ആസൂത്രണം ചെയ്യുന്നതിനുമുള്ള ഒരു മാർഗ്ഗരേഖയായിട്ടാണ് ഞങ്ങൾ ഇത് രൂപകൽപ്പന ചെയ്തത്. GPT‑5.6‑Sol ഉൾപ്പെടെയുള്ള മുൻകാല മോഡലുകൾ അത്യാധുനിക സൈബർ ശേഷികൾക്കായി വിലയിരുത്തപ്പെട്ടിട്ടുള്ളവയാണ്, എന്നാൽ അവ 'ഉയർന്നത്' ('ക്രിട്ടിക്കൽ' എന്നതിനേക്കാൾ) എന്ന പരിധിയിലാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.
ഞങ്ങളുടെ പ്രിപെയർഡ്നസ് ഫ്രെയിംവർക്ക് അനുസരിച്ച്, ഒരു മോഡൽ 'ക്രിട്ടിക്കൽ' സൈബർ സെക്യൂരിറ്റി പരിധിയിൽ എത്തുന്നത് ഈ സാഹചര്യങ്ങളിലാണ്: മനുഷ്യസഹായമില്ലാതെ തന്നെ, ഒരു പിഴവുമില്ലാത്ത സംവിധാനങ്ങളുള്ള പ്രായോഗിക തലത്തിലെ നിരവധി നിർണ്ണായക സിസ്റ്റങ്ങളെ ലക്ഷ്യമിടാൻ കഴിയുന്ന ഒരു മോഡൽ, അല്ലെങ്കിൽ ഉയർന്ന തലത്തിലുള്ള ഒരു ലക്ഷ്യം മാത്രം നൽകിയാൽ സുരക്ഷിതമായ ലക്ഷ്യങ്ങൾക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾക്കായി തുടക്കം മുതൽ ഒടുക്കം വരെയുള്ള പുതിയ തന്ത്രങ്ങൾ മെനയാനും നടപ്പിലാക്കാനും കഴിയുന്ന ഒരു മോഡൽ.
ഞങ്ങൾ ഈ മോഡലിൻ്റെ മാനദണ്ഡവും വിലയിരുത്തലും തുടരുമ്പോഴും ഞങ്ങളുടെ പ്രാഥമിക വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത് ഇത് മികച്ച പ്രകടനം കാഴ്ചവെക്കുന്നു എന്നാണ്; അതിനാൽ നിലവിൽ ഇതിൻ്റെ 'ക്രിട്ടിക്കൽ' ശേഷിയെ തള്ളിക്കളയാനാവില്ല. Astra വരാനിരിക്കുന്ന ഒരു മോഡലാണ്, കൂടാതെ Hugging Face ചോർത്തിയതിൽ ഇതിന് യാതൊരു പങ്കുമില്ല.
അതനുസരിച്ച്, ഈ ശേഷികൾ വിന്യസിക്കുന്നതിന് അനുയോജ്യമായ രീതിയിൽ ഞങ്ങളുടെ പ്രതിരോധ സംവിധാനനങ്ങളുടെയും സുരക്ഷാ ക്രമീകരണങ്ങളുടെയും ദൃഢത പരിശോധിക്കുന്ന പ്രക്രിയ ഞങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ, ഈ മോഡലിൻ്റെ തുടർന്നുള്ള വികസനം കൂടുതൽ സുരക്ഷിതമായും കൃത്യമായും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ആഭ്യന്തരമായി ഞങ്ങൾ ഇനിപറയുന്ന നടപടികളും സ്വീകരിച്ചിട്ടുണ്ട്:
- ഉയർന്ന സാങ്കേതിക ശേഷിയുള്ള മോഡലുകൾക്കും അവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി ഞങ്ങൾ കൂടുതൽ കർശനമായ സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കുന്നുണ്ട്. വേർതിരിച്ചുള്ള പരിശോധനാ പരിസരങ്ങൾ, നിയന്ത്രിതമായ നെറ്റ്‌വർക്ക് - ടൂൾ ആക്സസ്, മെച്ചപ്പെടുത്തിയ മോഡൽ വെയ്റ്റ് സംരക്ഷണങ്ങളും എൻക്രിപ്ഷനും, കൂടുതൽ നിരീക്ഷണ-കണ്ടെത്തൽ സംവിധാനങ്ങൾ, സാൻഡ്ബോക്സിൽ പ്രവർത്തിപ്പിക്കൽ എന്നിവ ഉൾപ്പെടുന്നു.
- ഈ കർശനമായ സുരക്ഷാ നിബന്ധനകൾ പാലിക്കാത്ത Astra-യുമായി ബന്ധപ്പെട്ട ഞങ്ങളുടെ ആഭ്യന്തര പ്രവർത്തനങ്ങൾ ഞങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണ്.
- പരിശീലനവും വിലയിരുത്തലും ഉൾപ്പെടെ Astra-യുടെ എല്ലാ ഏജൻ്റ്-തല ആപ്ലിക്കേഷനുകളിലും ഉണ്ടാകാനിടയുള്ള അപകടകരമായ പ്രവർത്തനങ്ങളും തെറ്റായ പ്രവണതകളും കണ്ടെത്തുന്നതിനായി ഞങ്ങൾ സാർവത്രിക നിരീക്ഷണ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. ഈ നിരീക്ഷണ സംവിധാനങ്ങൾ മോഡലിൻ്റെ ചെയ്ൻ-ഓഫ്-തോട്ട് വിലയിരുത്തുകയും ഉയർന്ന അപകടസാധ്യതയുള്ള പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ അവ പരിശോധിച്ച് തടയുന്നതിനായി ഒരു സുരക്ഷാ പ്രതികരണ സംവിധാനം സജീവമാക്കുകയും ചെയ്യുന്നു.
- ഈ മോഡലിൻ്റെ സാങ്കേതിക ശേഷികൾ പരിശോധിക്കുന്നതിനായി ഞങ്ങൾ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായും തിരഞ്ഞെടുത്ത AI സുരക്ഷാ സംഘടനകളുമായും സഹകരിച്ച് പ്രവർത്തിക്കുന്നതാണ്.
- ഉയർന്ന അപകടസാധ്യതയുള്ള വിലയിരുത്തലുകളും കൂടുതൽ അളവിലുള്ള ജോലികളും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനായി മൂന്നാം കക്ഷി പരിശോധനാ പങ്കാളികൾക്ക് ആവശ്യമായ സുരക്ഷാ നിർദ്ദേശങ്ങൾ ഞങ്ങൾ നൽകുന്നതാണ്.
ഈ ചട്ടക്കൂട് മുമ്പും സാങ്കേതിക ശേഷികളിലുണ്ടായ മാറ്റങ്ങളിലൂടെ ഞങ്ങളെ കൃത്യമായി നയിച്ചിട്ടുള്ളതാണ്. 2025 ജൂണിൽ, ഞങ്ങളുടെ മോഡലുകൾ പ്രിപെയർഡ്നസ് ഫ്രെയിംവർക്ക് പ്രകാരമുള്ള ജീവശാസ്ത്ര വിഭാഗത്തിലെ ഉയർന്ന ശേഷിയിലേക്ക് അടുത്തപ്പോൾ, പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കുന്നതിനും പരിശോധനകൾ വ്യാപിപ്പിക്കുന്നതിനും ബാഹ്യ വിദഗ്ധരുമായി സഹകരിക്കുന്നതിനും കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനുമായി ഞങ്ങൾ സ്വീകരിച്ച നടപടികളെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. അതേ തത്വമാണ് ഞങ്ങൾ ഇവിടെയും പ്രയോഗിക്കുന്നത്.
നൂതനമായ സൈബർ ശേഷികളുള്ള മോഡലുകൾ, സൈബർ കുറ്റവാളികൾ കണ്ടെത്തുന്നതിന് മുമ്പ് തന്നെ സുരക്ഷാ വീഴ്ചകൾ തിരിച്ചറിയാനും അവ പരിഹരിക്കാനും പ്രതിരോധകരെ സഹായിക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. Astra-യെ പോലുള്ള മോഡലുകളുടെയും ഇനി വരാനിരിക്കുന്നവയുടെയും അത്യാധുനിക ശേഷികൾ ഉത്തരവാദിത്തത്തോടും വിപുലമായും വിന്യസിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അതുവഴി മനുഷ്യരാശിക്കാകെ ഉപകാരപ്പെടുന്ന രീതിയിൽ മാറ്റിയെടുക്കാനും സർക്കാരുകൾ, സുരക്ഷാ സ്ഥാപനങ്ങൾ, പൗരസമൂഹം എന്നിവരുമായി ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.


