3 വർഷം പഴക്കമുള്ള രഹസ്യം ചുരുളഴിക്കാൻ ഇമ്മ്യൂണോളജിസ്റ്റ് Derya Unutmaz-നെ GPT‑5 സഹായിച്ച വിധം
മനുഷ്യൻ്റെ അറിവിനെയും വൈദഗ്ധ്യത്തെയും കൂടുതൽ മെച്ചപ്പെടുത്താനുള്ള ഈ മോഡലിൻ്റെ കഴിവ് ക്യാൻസർ ഗവേഷണം, ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ, അണുബാധകൾ തുടങ്ങിയ കാര്യങ്ങളിലുള്ള ശാസ്ത്രീയ പുരോഗതിക്ക് വലിയ രീതിയിൽ സഹായിക്കും.
ഡോക്ടറും ഇമ്യൂണോളജിസ്റ്റുമായ Derya Unutmaz-ന് വർഷങ്ങളായി നിർമ്മിതബുദ്ധിയിൽ താൽപ്പര്യമുണ്ടായിരുന്നു. എന്നാൽ 2025-ൻ്റെ അവസാനത്തിലാണ് അദ്ദേഹത്തെ "അത്ഭുതപ്പെടുത്തിയ" ഒരു കാര്യം സംഭവിക്കുന്നത്; മനുഷ്യശരീരത്തെ ക്യാൻസറിനോടും മറ്റ് രോഗങ്ങളോടും പോരാടാൻ സഹായിക്കുന്ന ഒരു പ്രത്യേക തരം പ്രതിരോധ കോശത്തെക്കുറിച്ചുള്ള മൂന്ന് വർഷം പഴക്കമുള്ള ഒരു കടങ്കഥയുടെ ചുരുളഴിക്കാൻ GPT‑5 Pro അദ്ദേഹത്തെയും അദ്ദേഹത്തിൻ്റെ ലബോറട്ടറിയെയും സഹായിച്ചപ്പോഴായിരുന്നു അത്.
ഈ രഹസ്യം ഇമ്മ്യൂണോളജിയിലെ ലളിതമെങ്കിലും അതീവ നിർണ്ണായകമായ ഒരു ചോദ്യത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നു: ഗ്ലൂക്കോസ് എങ്ങനെയാണ് T-കോശങ്ങളുടെ വളർച്ചയെയും അവയുടെ പ്രത്യേക രൂപമാറ്റങ്ങളെയും ബാധിക്കുന്നത്? ശരീരത്തെ വൈറസുകളോട് പോരാടാനും ക്യാൻസർ രോഗങ്ങളെ നശിപ്പിക്കാനും ചില ബാക്ടീരിയകളോടും പരാദങ്ങളോടും പ്രതികരിക്കാനും ആരോഗ്യമുള്ള കോശങ്ങളെ ഹാനികരമായവയിൽ നിന്ന് തിരിച്ചറിയാനും സഹായിക്കുന്ന പ്രതിരോധ കോശങ്ങളാണ് T-കോശങ്ങൾ. അവ വളരുന്നതനുസരിച്ച് വ്യത്യസ്ത ചുമതലകൾ ഏറ്റെടുക്കുന്നു; ക്യാൻസർ, ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ, അണുബാധകൾ എന്നിവയുടെ ഗതി നിർണ്ണയിക്കുന്നതിൽ ഇവയ്ക്ക് വലിയ പങ്കുണ്ട്. T-കോശങ്ങളെ ഒരു പ്രത്യേക രൂപമാറ്റത്തിലേക്ക് നയിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചാൽ, ശാസ്ത്രജ്ഞർക്ക് അത്തരം രോഗങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തമായി അറിയാനും ഭാവിയിൽ അവയ്ക്ക് മികച്ച ചികിത്സ കണ്ടെത്താനും സാധിക്കും.
ഇന്ന്—The Jackson Laboratory-യിലെയും University of Connecticut-ലെയും പ്രൊഫസറായ—Unutmaz പറയുന്നത്, തൻ്റെ ഗവേഷണങ്ങളിൽ AI അത്രമേൽ പ്രധാനപ്പെട്ടതായി മാറിക്കഴിഞ്ഞു എന്നാണ്. അതില്ലാതെ ശാസ്ത്രരംഗത്ത് മുന്നോട്ട്പോകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും അദ്ദേഹത്തിന് കഴിയില്ല. "അത് ഇല്ലാത്തത്, നമ്മുടെ രണ്ടു കൈകളും നഷ്ടപ്പെടുന്നതുപോലെയോ, അല്ലെങ്കിൽ തലച്ചോറിൻ്റെ പകുതി ഭാഗം ഇല്ലാതാകുന്നതുപോലെയോ ആയിരിക്കും," Unutmaz പറഞ്ഞു.
2022-ൽ Unutmaz നടത്തിയ ഒരു പരീക്ഷണത്തോടെയാണ് ഈ നിഗൂഢതയുടെ തുടക്കം. 'ഗ്ലൂക്കോസ്' എന്നറിയപ്പെടുന്ന ഒരിനം പഞ്ചസാര T-കോശങ്ങളുടെ വളർച്ചയെ എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കാനായിരുന്നു ആ പരീക്ഷണം. കോശങ്ങൾ ഗ്ലൂക്കോസ് ഉപയോഗിക്കുന്നത് ഊർജ്ജ സ്രോതസ്സായി മാത്രമല്ല, പ്രോട്ടീനുകൾ നിർമ്മിക്കുന്നതിനും മറ്റ് ശാരീരിക പ്രവർത്തനങ്ങൾ നടത്തുന്നതിനും വേണ്ടിയാണ്.
Unutmaz-ൻ്റെ പരീക്ഷണഫലങ്ങൾ ക്യാൻസർ, ഓട്ടോഇമ്യൂൺ രോഗങ്ങൾ, അണുബാധകൾ തുടങ്ങിയ അസുഖങ്ങളുടെ പഠനത്തിലും ചികിത്സയിലും വലിയ സ്വാധീനം ചെലുത്താൻ പോന്നതായിരുന്നു. എന്നാൽ ആ സമയത്ത്, തങ്ങളുടെ മുന്നിൽ തെളിഞ്ഞുവന്ന പരീക്ഷണ ഫലങ്ങൾ എന്താണ് സൂചിപ്പിക്കുന്നതെന്ന് മനസ്സിലാക്കാൻ Unutmaz-നും അദ്ദേഹത്തിൻ്റെ ലാബിലെ ഗവേഷകർക്കും കഴിഞ്ഞിരുന്നില്ല.
T-കോശങ്ങൾ എങ്ങനെയാണ് വിവിധ ധർമ്മങ്ങളിലേക്ക് രൂപാന്തരപ്പെടുന്നത് എന്ന് നിർണ്ണയിക്കുന്നതിൽ ഗ്ലൂക്കോസ് ഉപാപചയ പ്രക്രിയയ്ക്ക് വലിയ പങ്കുണ്ടെന്നതിന് മുമ്പത്തെ പഠനങ്ങൾ വ്യക്തമായ തെളിവുകൾ നൽകിയിരുന്നു. ഈ ബന്ധത്തെക്കുറിച്ച് കൂടുതൽ നന്നായി മനസ്സിലാക്കുന്നതിനായി Unutmaz-ഉം അദ്ദേഹത്തിൻ്റെ സംഘവും T-കോശങ്ങളുടെ വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ അവയെ കുറഞ്ഞ ഗ്ലൂക്കോസ് അടങ്ങിയ ഒരു പരിതസ്ഥിതിയിലും അതോടൊപ്പം 'ഡിയോക്സിഗ്ലൂക്കോസ്' എന്ന ഗ്ലൂക്കോസിന് സമാനമായ തന്മാത്ര അടങ്ങിയ മറ്റൊന്നിലും തുറന്നുവിട്ടു. ഡിയോക്സിഗ്ലൂക്കോസ് കോശങ്ങൾക്ക് ഗ്ലൂക്കോസ് ഉപയോഗിക്കാനുള്ള ശേഷിയെ തടസ്സപ്പെടുത്തുകയും ഇത് വഴി ഊർജ്ജ ഉൽപ്പാദനത്തെയും പ്രോട്ടീൻ നിർമ്മിതിയെയും തകിടം മറിക്കുകയും ചെയ്യുന്നു. കോശത്തിനുള്ളിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും കോശത്തിന് പുറത്തേക്ക് വിവരങ്ങൾ കൈമാറുന്നതിനും സ്വീകരിക്കുന്നതിനുമുള്ള സന്ദേശവാഹകരായി പ്രവർത്തിക്കുന്നതിനും പ്രോട്ടീനുകൾ വളരെ അത്യാവശ്യമാണ്.
ഈ രണ്ട് സാഹചര്യങ്ങളും ഒരേപോലെയുള്ള ഫലങ്ങൾ നൽകുമെന്നാണ് ഗവേഷക സംഘം പ്രതീക്ഷിച്ചിരുന്നത്. കാരണം രണ്ട് സാഹചര്യങ്ങളിലും ഗ്ലൂക്കോസിൻ്റെ അളവ് കുറവായിരിക്കും; അതുവഴി T-കോശങ്ങൾക്ക് പ്രവർത്തിക്കാനാവശ്യമായ ഊർജ്ജവും പരിമിതപ്പെടും. എന്നാൽ അവർ വിചാരിച്ചതുപോലെയല്ല അവിടെ സംഭവിച്ചത്.
ഡിയോക്സിഗ്ലൂക്കോസ് നൽകിയ T-കോശങ്ങളിൽ ഭൂരിഭാഗവും ശരീരത്തിൽ ഇൻഫ്ലമേഷൻ ഉണ്ടാക്കുന്ന പ്രതികരണങ്ങളുമായി ബന്ധപ്പെട്ട കോശങ്ങളായി മാറി. എന്നാൽ, കുറഞ്ഞ അളവിൽ ഗ്ലൂക്കോസ് നൽകിയ T-കോശങ്ങളിൽ ചിലത് ഇത്തരം കോശങ്ങളായി മാറിയെങ്കിലും, അവയുടെ എണ്ണം ഡിയോക്സിഗ്ലൂക്കോസ് നൽകിയ കോശങ്ങളുടെ അത്രയും ഉയർന്നതായിരുന്നില്ല. പരീക്ഷണത്തിന് ശേഷം ഗവേഷകർ ആ ഡിയോക്സിഗ്ലൂക്കോസ് തന്മാത്രകളെ അവിടെനിന്ന് നീക്കം ചെയ്തപ്പോൾ പോലും, തുടക്കത്തിൽ ഉണ്ടായ ആ ആഘാതം കോശങ്ങളിൽ അതേപടി നിലനിന്നു.
ഈ വ്യത്യാസത്തിന് കാരണം ഊർജ്ജത്തിൻ്റെ കുറവ് മാത്രമല്ലെന്ന് വ്യക്തമായിരുന്നു; അവിടെ മറ്റെന്തോ ഒന്ന് നടക്കുന്നുണ്ടായിരുന്നു. എന്നാൽ Unutmaz-നും അദ്ദേഹത്തിൻ്റെ ലാബിലെ ഗവേഷകർക്കും അതിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സാധിച്ചില്ല. അതുകൊണ്ടുതന്നെ അവർ ആ പരീക്ഷണം താൽക്കാലികമായി മാറ്റിവെക്കുകയും അടിയന്തിര ശ്രദ്ധ ആവശ്യമുള്ള മറ്റ് സുപ്രധാന ജോലികളിലേക്ക് തിരിയുകയും ചെയ്തു.
തുടർന്ന് 2025-ൻ്റെ അവസാനത്തോടെ GPT‑5 Pro പുറത്തിറങ്ങിയപ്പോൾ, നിർത്തിവെച്ച ആ പരീക്ഷണം വീണ്ടും പൊടിതട്ടിയെടുക്കാൻ Unutmaz തീരുമാനിച്ചു. അദ്ദേഹം അതിൻ്റെ പരീക്ഷണ ഫലങ്ങൾ പ്രസ്തുത മോഡലിലേക്ക് അപ്‌ലോഡ് ചെയ്യുകയും ആ ഡാറ്റ വിശകലനം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.
ഡിയോക്സിഗ്ലൂക്കോസ് IL-2 എന്ന പ്രോട്ടീൻ്റെ നിർമ്മാണത്തെ തടസ്സപ്പെടുത്തുന്നുണ്ടെന്ന് GPT‑5 Pro കണ്ടെത്തി. T-കോശങ്ങൾ Th17 എന്നറിയപ്പെടുന്ന ഇൻഫ്ലമേഷൻ ഉണ്ടാക്കുന്ന കോശങ്ങളായി മാറുന്നത് തടയുന്ന ഒന്നാണ് ഈ IL-2 പ്രോട്ടീൻ. ലളിതമായി പറഞ്ഞാൽ, T-കോശങ്ങൾ Th17 കോശങ്ങളായി മാറുന്നതിന് മുമ്പുള്ള തടസ്സത്തെയാണ് ഡിയോക്സിഗ്ലൂക്കോസ് ഇല്ലാതാക്കിയത്. ഗ്ലൂക്കോസ് കുറഞ്ഞ സാഹചര്യത്തിലുള്ള T-കോശങ്ങൾ, ഡിയോക്സിഗ്ലൂക്കോസ് സാഹചര്യത്തിലുള്ള കോശങ്ങളുടെ അത്രയും വലിയ എണ്ണത്തിൽ Th17 കോശങ്ങളായി മാറാതിരുന്നതിന് കാരണവും ഒരുപക്ഷേ ഇതായിരിക്കാം.
“മുൻകാല പരീക്ഷണങ്ങളെ വിലയിരുത്തുമ്പോൾ തികച്ചും യുക്തിസഹമായി തോന്നുന്ന, അതിശയകരമായ ഒരു കണ്ടെത്തലാണ് GPT‑5 പുറത്തുവിട്ടത്," എന്ന് Unutmaz പറഞ്ഞു. അദ്ദേഹത്തിൻ്റെ പ്രധാന ഗവേഷണ പരിധിക്കപ്പുറമുള്ള ഒരു പ്രതിഭാസമായിരുന്നതിനാലാണ് അദ്ദേഹത്തിനോ ലാബിലെ മറ്റ് ഗവേഷകർക്കോ ഈ പരസ്പര ബന്ധം സ്വയം കണ്ടെത്താൻ കഴിയാതെ പോയത്.
ഒരു പരീക്ഷണത്തിൻ്റെ ഫലം മുൻകൂട്ടി പ്രവചിക്കാൻ GPT‑5‑ന് കഴിയുമോ എന്ന് പരിശോധിക്കാൻ Unutmaz തീരുമാനിച്ചു. ഒരു തരം ലിംഫോമയെ ലക്ഷ്യമിടുന്ന T-കോശങ്ങളിൽ താൻ ഇതിനകം തന്നെ നടത്തിക്കഴിഞ്ഞ പരീക്ഷണ വിവരങ്ങൾ നൽകിക്കൊണ്ടാണ് ഈ ഇമ്മ്യൂണോളജിസ്റ്റ് അത് തുടങ്ങിയത്. CD8+ എന്നറിയപ്പെടുന്ന ഈ പ്രത്യേക T-കോശങ്ങൾക്ക് ലിംഫോമ കോശങ്ങളെ നശിപ്പിക്കാനുള്ള തീവ്രമായ ശേഷിയുണ്ടെന്ന് അദ്ദേഹത്തിൻ്റെ പരീക്ഷണം തെളിയിച്ചിട്ടുണ്ടായിരുന്നു.
ഇതേ പരീക്ഷണത്തിൻ്റെ ഒരു സാങ്കൽപ്പിക രൂപം തയ്യാറാക്കാൻ Unutmaz GPT‑5 Pro-യോട് ആവശ്യപ്പെട്ടപ്പോൾ, ലിംഫോമ കോശങ്ങളെ നശിപ്പിക്കാനുള്ള CD8+ കോശങ്ങളുടെ ശേഷി വർദ്ധിക്കുമെന്ന് അത് കൃത്യമായി പ്രവചിച്ചു. Unutmaz ഈ പരീക്ഷണ ഫലങ്ങൾ അതുവരെ ഇൻ്റർനെറ്റിൽ പ്രസിദ്ധീകരിക്കാതിരുന്നതിനാൽ മോഡലിന് ഈ വിവരങ്ങൾ ഇൻ്റർനെറ്റിൽ നിന്ന് തപ്പിയെടുക്കാൻ ഒട്ടും സാധിക്കുമായിരുന്നില്ല.
“ഈ മോഡലുകൾ കാര്യങ്ങൾ ശരിക്കും പൂർണ്ണമായി മനസ്സിലാക്കുന്ന ഒരു ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു എന്ന് എനിക്ക് ബോധ്യപ്പെട്ട നിമിഷമായിരുന്നു അത്," അദ്ദേഹം പറഞ്ഞു.
GPT‑5 Pro പോലുള്ള അത്യാധുനിക മോഡലുകൾ ഇന്ന് വെറുമൊരു സാങ്കേതിക ഉപകരണത്തിനപ്പുറം മികച്ചൊരു ഗവേഷണ പങ്കാളിയായി മാറിയിരിക്കുകയാണെന്ന് Unutmaz വിലയിരുത്തുന്നു. ഓരോ ആഴ്ചയും പ്രസിദ്ധീകരിക്കുന്ന നൂറുകണക്കിന് ശാസ്ത്രീയ പ്രബന്ധങ്ങൾ കൃത്യമായി അവലോകനം ചെയ്യാനും അവയിലെ അപൂർണ്ണമായ വിവരങ്ങൾ വേർതിരിച്ചറിയാനും ഇവ ശാസ്ത്രജ്ഞരെ സഹായിക്കുന്നു. ഗവേഷണ അനുമാനങ്ങൾക്ക് കൂടുതൽ വ്യക്തത നൽകുന്നതിലൂടെ, പ്രായോഗികമായി നടപ്പിലാക്കേണ്ട ഏറ്റവും അനുയോജ്യമായ പരീക്ഷണങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ നടപ്പിലാക്കാൻ ഇത് വഴി സാധിക്കുന്നു.
“ഒരു നിശ്ചിത ഗവേഷണ അനുമാനം പരീക്ഷിക്കുന്നതിനായി ലഭ്യമായ ശാസ്ത്രീയ മാർഗ്ഗങ്ങൾ അതീവ വിപുലമാണ്. നിങ്ങൾക്ക് മുന്നിൽ എണ്ണമറ്റ സമീപനങ്ങൾ ഉണ്ടെങ്കിലും അതിൽ ഏറ്റവും അനുയോജ്യമായ തന്ത്രം ഏതാണെന്ന് തിരിച്ചറിയുക പ്രയാസകരമാണ്," Unutmaz വ്യക്തമാക്കുന്നു. ഇതിനാൽ, യഥാർത്ഥ പരീക്ഷണങ്ങൾ ലാബിൽ ആവർത്തിക്കുന്നതിന് മുമ്പ് അവയുടെ പ്രാവർത്തിക സാധ്യതകളും ഫലങ്ങളും വിലയിരുത്താൻ അദ്ദേഹം GPT‑5 Pro പ്രയോജനപ്പെടുത്തുന്നു. ഇത് ഗവേഷകരുടെ ആഴ്ചകളോ മാസങ്ങളോ നീളുന്ന അധ്വാനത്തെ ലാഭിക്കുകയും ജീവശാസ്ത്ര ഗവേഷണ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.
എങ്കിലും, അതത് മേഖലകളിലെ വിദഗ്ധരുടെ അറിവ് ഈ പ്രക്രിയകളിൽ ഇപ്പോഴും അതീവ നിർണ്ണായകമാണ്. AI സംവിധാനങ്ങൾക്ക് ചില നിഗമനങ്ങൾ ലഭ്യമാക്കാൻ സാധിക്കുമെങ്കിലും അവയുടെ ആധികാരികതയും ശാസ്ത്രീയ പ്രാധാന്യവും കൃത്യമായി വിലയിരുത്തേണ്ടത് വ്യക്തികൾ തന്നെയാണ്. ഉദാഹരണത്തിന്, Unutmaz-ൻ്റെ അത്രയും പ്രായോഗിക പരിജ്ഞാനമില്ലാത്ത ഒരു വ്യക്തിക്ക് കോശതല പരീക്ഷണങ്ങളിൽ GPT‑5 Pro കാണിച്ചു തന്ന ആ സങ്കീർണ്ണമായ പ്രവർത്തന ഘടന എത്രത്തോളം മൂല്യവത്താണെന്ന് തിരിച്ചറിയുക അസാധ്യമായിരുന്നേക്കാം.
പുതിയ വിവര വിശകലനങ്ങൾ ദ്രുതഗതിയിലാക്കാനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനുമുള്ള ശേഷിയുള്ളതിനാൽ, ഈ സാങ്കേതിക സംവിധാനങ്ങൾ അതീവ ഉത്തരവാദിത്തത്തോടെ വിന്യസിക്കേണ്ടതുണ്ട്. ജീവശാസ്ത്രം, വൈദ്യശാസ്ത്രം എന്നീ മേഖലകളിൽ ഗവേഷണങ്ങൾ വേഗത്തിലാക്കാൻ AI സഹായിക്കുമെങ്കിലും ജൈവ-രാസ ആയുധങ്ങളുടെ നിർമ്മാണത്തിനും അവയുടെ പ്രയോഗത്തിനുമായി സാമൂഹിക വിരുദ്ധർ ഈ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്. ഇത്തരം ഗുരുതരമായ ഭീഷണികളെ കൃത്യമായി നിരീക്ഷിക്കുന്നതിനും ഹാനികരമായ AI പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ സുരക്ഷാ കവചങ്ങൾ തീർക്കുന്നതിനുമുള്ള ഞങ്ങളുടെ ഔദ്യോഗിക നയരേഖയാണ് OpenAI-യുടെ പ്രിപെയർഡ്നസ് ഫ്രെയിംവർക്ക്.
AI സാങ്കേതികവിദ്യയുടെ വരുംകാല സാധ്യതകളെ Unutmaz അതീവ ശുഭപ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. മുൻകാലങ്ങളിലുണ്ടായ ഇൻ്റർനെറ്റ് തരംഗത്തോടോ വ്യാവസായിക വിപ്ലവത്തോടോ ഇതിനെ ഉപമിക്കാൻ സാധ്യമല്ലെന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം. ക്യാൻസർ മ്യൂട്ടേഷൻ ഡാറ്റാസെറ്റുകൾ വിപുലമായ രീതിയിൽ ക്രോഡീകരിക്കുന്നതിനും പ്രിസിഷൻ ഇമ്മ്യൂണോതെറാപ്പി രംഗത്തെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനായി T-കോശങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു വിശദമായ പാഠപുസ്തക മാതൃക ഉൾപ്പെടെയുള്ള ഗവേഷണ രേഖകൾ തയ്യാറാക്കുന്നതിനും അദ്ദേഹം അടുത്തിടെ Codex, GPT‑5.2 ഡീപ് റിസർച്ച് തുടങ്ങിയ അത്യാധുനിക AI സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
ശാസ്ത്രീയ മുന്നേറ്റങ്ങളുടെ ഈ സുവർണ്ണ കാലഘട്ടത്തിൽ പങ്കാളിയാകാൻ കഴിഞ്ഞത് വലിയൊരു അനുഗ്രഹമായാണ് Unutmaz വിലയിരുത്തുന്നത്. "ചരിത്രപരമായ ഈ സാങ്കേതിക വിപ്ലവത്തിന് സാക്ഷ്യം വഹിക്കാൻ സാധിച്ചെന്നു മാത്രമല്ല, അതിൽ എൻ്റേതായ ചെറിയ സംഭാവനകൾ നൽകാൻ കഴിഞ്ഞതിലും ഞാൻ അഭിമാനമുള്ളവനും ധന്യനുമാണ്," അദ്ദേഹം വ്യക്തമാക്കി.
- 2026
- GPT

