പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
OpenAI

സർക്കാർ, ദേശീയ സുരക്ഷാ പങ്കാളിത്തങ്ങളോടുള്ള ഞങ്ങളുടെ സമീപനം

ലോഡിംഗ്…

ദേശീയ സുരക്ഷ ഉൾപ്പെടെ കൂടുതൽ പ്രാധാന്യമുള്ള പ്രവർത്തനങ്ങൾക്കായി സർക്കാരുകൾ അത്യാധുനിക AI സംവിധാനങ്ങൾ ഉപയോഗിക്കാൻ തുടങ്ങുകയാണ്. ഇത്, ഇത്തരം സാങ്കേതികവിദ്യകൾ അതീവ ജാഗ്രത വേണ്ട മേഖലകളിൽ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് AI ലാബുകളും സർക്കാരുകളും പൊതുസമൂഹവും ഒരുമിച്ചു പ്രവർത്തിക്കേണ്ടതിൻ്റെ പുതിയൊരു ആവശ്യകത സൃഷ്ടിക്കുന്നുണ്ട്. 

ജനങ്ങളെ സംരക്ഷിക്കാനും നിർണായക അടിസ്ഥാനസൗകര്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും പൊതുസേവനങ്ങൾ നൽകാനും സൈബർ സുരക്ഷ, ജൈവസുരക്ഷ എന്നീ മേഖലകളിൽ ഉയർന്നുവരുന്ന ഭീഷണികളെ നേരിടുന്നതിനും ജനാധിപത്യ സമൂഹങ്ങൾക്ക് AI ഉപയോഗിക്കാൻ സാധിക്കണം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇത്തരം മേഖലകളിൽ പ്രതിരോധം തീർക്കുന്നവർക്ക് വലിയൊരു മുൻതൂക്കം നൽകാൻ AI-യ്ക്ക് കഴിയും. എന്നാൽ കൂടുതൽ ശേഷി ആർജ്ജിച്ചു വരുന്ന AI സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ അവ ജനാധിപത്യപരമായ ഉത്തരവാദിത്തത്തെയും മനുഷ്യൻ്റെ യുക്തമായ തീരുമാനങ്ങളെയും നിയമവാഴ്ചയെയും ശക്തിപ്പെടുത്തുന്ന രീതിയിലായിരിക്കണം നടപ്പിലാക്കേണ്ടത്; ഇത് അധികാരം ഒരു കേന്ദ്രത്തിലേക്ക് മാത്രമായി ഒതുങ്ങാതെ ജനാധിപത്യ സ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുന്നതാകണം.

സർക്കാർ പങ്കാളിത്തങ്ങളെയും ഞങ്ങളുടെ സാങ്കേതികവിദ്യയുടെ ദേശീയ സുരക്ഷാ ഉപയോഗങ്ങളെയും ഞങ്ങൾ എങ്ങനെ സമീപിക്കുന്നു എന്നതിൽ സുതാര്യത നൽകുന്നതിനായി OpenAI-യുടെ ദേശീയ സുരക്ഷാ നയങ്ങൾ ഇന്ന് ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു.

ഞങ്ങളുടെ സാങ്കേതികവിദ്യ മുന്നേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ദേശീയ സുരക്ഷയും നിയമനിർവഹണവുമായി ബന്ധപ്പെട്ട മേഖലയിലെ പ്രവർത്തനങ്ങളെ കൂടുതൽ സമഗ്രമായി സമീപിക്കുന്നതിനായി കമ്പനിയിലുടനീളം നടത്തിയ കൂട്ടായ ശ്രമങ്ങളുടെ ഫലമാണ് ഈ തത്ത്വങ്ങൾ. ഈ പ്രക്രിയ സുഗമമാക്കാനും സ്വതന്ത്രമായ വിലയിരുത്തൽ നൽകാനും പ്രമുഖ ദേശീയ സുരക്ഷാ വിദഗ്ധനായ David Kris-നെ ഞങ്ങൾ ഉൾപ്പെടുത്തി; കൂടാതെ കമ്പനിയിലുടനീളം പൊതുവായ ചർച്ചകൾ സംഘടിപ്പിക്കുകയും ഗവേഷണം, സുരക്ഷാ വിഭാഗങ്ങൾ മുതൽ നയരൂപീകരണവും സർക്കാർ പങ്കാളിത്തങ്ങളും വരെയുള്ള വിവിധ ടീമുകളെ പ്രതിനിധീകരിക്കുന്ന ജീവനക്കാരുടെ പങ്കാളിത്തം ഇതിലുറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

പ്രധാനപ്പെട്ട പ്രതിരോധ മേഖലകളിൽ, പ്രത്യേകിച്ച് സൈബർ, ജൈവസുരക്ഷ മേഖലകളിൽ, യു.എസ്. സർക്കാരുമായും സഖ്യകക്ഷി പങ്കാളികളുമായും ഞങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനാലാണ് ഇവ ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ മാസം, ഞങ്ങളുടെ Daybreak സൈബർ പ്രതിരോധ പരിപാടിയുടെ ഭാഗമായി, ഓസ്ട്രേലിയ, കാനഡ, ജപ്പാൻ, കൊറിയ റിപ്പബ്ലിക്, ഫ്രാൻസ്, ജർമനി, പോളണ്ട്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളുമായും ENISA പോലുള്ള യൂറോപ്യൻ യൂണിയൻ സ്ഥാപനങ്ങളുമായും സൈബർ സുരക്ഷയ്ക്കായുള്ള Trusted Access for Cyber partnership-കൾ ഞങ്ങൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. സൈബർ സുരക്ഷ, സാങ്കേതിക പരിശോധന, മൂല്യനിർണയം എന്നിവയുമായി ബന്ധപ്പെട്ട് യു.കെ. സർക്കാരുമായും വളർന്നുവരുന്ന വിശ്വസ്തമായൊരു പങ്കാളിത്തം ഞങ്ങൾക്കുണ്ട്. ജൈവ സുരക്ഷാ മേഖലയിലും സമാനമായൊരു സമീപനമാണ് ഞങ്ങൾ സ്വീകരിക്കുന്നത്. പബ്ലിക് ഹെൽത്തിനെയും ജൈവ പ്രതിരോധ ദൗത്യങ്ങളെയും പിന്തുണയ്ക്കുന്നതിനായി തിരഞ്ഞെടുത്ത യു.എസ്. സർക്കാർ ഏജൻസികൾക്കും സഖ്യകക്ഷികൾക്കുമായി ഞങ്ങളുടെ GPT‑Rosalind മോഡലിലേക്ക് വിപുലമായ ട്രസ്റ്റഡ് ആക്സസ് അനുവദിച്ച കാര്യം കഴിഞ്ഞ മാസം ഞങ്ങൾ പ്രഖ്യാപിച്ചിരുന്നു.

യുദ്ധ വകുപ്പുമായി നിലവിലുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടെ ദേശീയ സുരക്ഷാ-നിയമപാലന മേഖലകളിൽ ഇപ്പോഴുള്ളതും ഇനി വരാനിരിക്കുന്നതുമായ ഞങ്ങളുടെ എല്ലാ പങ്കാളിത്തങ്ങൾക്കും ഈ തത്ത്വങ്ങൾ ബാധകമാണ്. ഈ വർഷം ആദ്യം ഞങ്ങളുടെ കരാർ പ്രഖ്യാപിച്ചപ്പോൾ, പല വ്യവസ്ഥാപിത നിയന്ത്രണങ്ങളും ഞങ്ങൾ വ്യക്തമാക്കുകയുണ്ടായി: OpenAI സാങ്കേതികവിദ്യ ആഭ്യന്തരമായി ജനങ്ങളെ കൂട്ടത്തോടെ നിരീക്ഷിക്കുന്നതിനായി ഉപയോഗിക്കരുത്, സ്വയം നിയത്രിത ആയുധ സംവിധാനങ്ങളെ നയിക്കാൻ ഉപയോഗിക്കരുത്, ഒപ്പം അതീവ നിർണ്ണായക തീരുമാനങ്ങൾ സ്വയം എടുക്കുന്ന സംവിധാനങ്ങൾക്കായി ഉപയോഗിക്കരുത് എന്നിവയായിരുന്നു അവ. ആ നിയന്ത്രണങ്ങളെല്ലാം തന്നെ ഇന്ന് ഞങ്ങൾ പങ്കുവെക്കുന്ന തത്ത്വങ്ങളുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നവയാണ്.

ഞങ്ങളുടെ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാം, എങ്ങനെ ഉപയോഗിക്കരുത് എന്നത് വ്യക്തമായി പറയുകയും അതിനെക്കുറിച്ച് സുതാര്യത പുലർത്തുകയും ചെയ്യുന്നതാണ് ശരിയായ നടപടി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. എന്നാൽ സർക്കാരിലെ, പ്രത്യേകിച്ച് ദേശീയ സുരക്ഷയിലെ, AI ഉപയോഗവുമായി ബന്ധപ്പെട്ട ഏറ്റവും നിർണ്ണായകമായ പല ചോദ്യങ്ങൾക്കും ജനാധിപത്യ പ്രക്രിയയിലൂടെയായിരിക്കണം ഉത്തരം കണ്ടെത്തേണ്ടത്. ഞങ്ങളെപോലുള്ള കമ്പനികളുടെ ചുമതല അത്തരം തീരുമാനങ്ങളെടുക്കാൻ ആവശ്യമായ വിവരങ്ങൾ നൽകി സഹായിക്കുക എന്നത് മാത്രമാണ്, അല്ലാതെ ആ തീരുമാനങ്ങൾ സ്വയം കൈക്കൊള്ളുകയല്ല. അതുകൊണ്ടാണ് രാജ്യവ്യാപകമായുള്ള ആഭ്യന്തര നിരീക്ഷണം സ്വയം നിയന്ത്രിത ആയുധ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ യു.എസ്. ദേശീയ സുരക്ഷയെ നേരിട്ട് ബാധിക്കുന്നതും ഉയർന്ന റിസ്ക് സാധ്യതയുള്ളതുമായ സൈനിക AI ഉപയോഗങ്ങൾക്ക് ചുറ്റും ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്താനുള്ള നിയമനിർമ്മാണ ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നത്.