OpenAI

2026 നവംബർ 10

കമ്പനി

തൊഴിലിന്റെ പുതുസീമകൾ:
ഫ്രീലാൻസിംഗിൽ AI-യുടെ സ്വാധീനം

ഫ്രീലാൻസ് സേവനങ്ങളുടെ ആവശ്യകതയിലെ മാറ്റങ്ങളും നൈപുണ്യങ്ങളുടെ പുതിയ കൂട്ടുകളും AI പദ്ധതികൾക്കുള്ള ഉയർന്ന ബജറ്റുകളും OpenAI-യുടെയും Upwork-ന്റെയും പുതിയ ഗവേഷണം കണ്ടെത്തുന്നു.

ഫ്രീലാൻസിംഗ് ഞങ്ങൾ പഠിക്കുന്നത് എന്തുകൊണ്ട്

ഫ്രീലാൻസ് ജോലി ചെയ്യുന്നവർ വിപണിയിലെ മാറ്റങ്ങൾ അറിയുന്നത് ഓരോ പുതിയ ജോലിയിലൂടെയുമാണ്: ഇടപാടുകാരൻ വ്യത്യസ്തമായൊരു സേവനം ആവശ്യപ്പെടുന്നു, പുതിയൊരു നൈപുണ്യം തേടുന്നു, അല്ലെങ്കിൽ ഒരു പദ്ധതിയുടെ വ്യാപ്തി കൂട്ടുന്നു. Upwork-മായി ചേർന്നുള്ള ഞങ്ങളുടെ പുതിയ ഗവേഷണം AI യുഗത്തിലെ ഈ മാറ്റങ്ങളുടെ ആദ്യ സൂചനകൾ നൽകുന്നു. പരിചിതമായ ചില സേവനങ്ങളുടെ വിപണിവിഹിതം കുറയുമ്പോൾ, AI-യുമായി ബന്ധപ്പെട്ട പദ്ധതികൾ വ്യത്യസ്ത കഴിവുകളെ ഒരുമിപ്പിക്കുന്നു—അവയ്ക്ക് കൂടുതൽ തുകയും കൂടുതൽ മണിക്കൂർ ജോലിയും ആവശ്യമായി വരുന്നു.

ഈ മാറ്റങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. അമേരിക്കയിലെ വൈദഗ്ധ്യമുള്ള ജ്ഞാനാധിഷ്ഠിത തൊഴിലാളികളിൽ 38% പേർ സ്വതന്ത്രമായി ജോലി ചെയ്യുന്നുവെന്ന് Upwork-ന്റെ 2026 ഭാവി തൊഴിൽശക്തി സൂചിക⁠(പുതിയ വിൻഡോയിൽ തുറക്കുന്നു) കണ്ടെത്തി. 2024-ൽ സ്വതന്ത്ര ജ്ഞാനാധിഷ്ഠിത തൊഴിൽ അമേരിക്കയിൽ 1.5 ലക്ഷം കോടി ഡോളർ വരുമാനം സൃഷ്ടിച്ചതായി അതിന്റെ മുൻ വാർഷിക പഠനം⁠(പുതിയ വിൻഡോയിൽ തുറക്കുന്നു) കണക്കാക്കി. ഈ കണക്കുകൾ Upwork-ന്റെ സ്വന്തം വിപണിക്കപ്പുറമുള്ള തൊഴിലും ഉൾക്കൊള്ളുന്നു.

സമ്പദ്‌വ്യവസ്ഥയിലുടനീളമുള്ള തൊഴിൽ കണക്കുകളെക്കാൾ നേരത്തേ മാറ്റങ്ങൾ തിരിച്ചറിയാൻ ഫ്രീലാൻസിംഗ് സഹായിക്കും. കരാറുകൾ പലപ്പോഴും ഹ്രസ്വകാലത്തേക്കുള്ളവയാണ്; ഓരോ പുതിയ തൊഴിൽപരസ്യത്തിലും ഇടപാടുകാർക്ക് തങ്ങളുടെ ആവശ്യങ്ങൾ മാറ്റാം. ഈ മാറ്റങ്ങളുടെ അടിസ്ഥാനം മനസ്സിലാക്കാൻ, ഇടപാടുകാരെയും ഫ്രീലാൻസ് തൊഴിലാളികളെയും ബന്ധിപ്പിക്കുന്ന ഓൺലൈൻ വിപണിയായ Upwork-മായി ഞങ്ങൾ സഹകരിച്ചു. ആളുകൾ ChatGPT ഉപയോഗിച്ച് നേരിട്ട് ചെയ്യുന്ന പ്രവർത്തനങ്ങൾക്കൊപ്പം ഈ തൊഴിൽ അഭ്യർത്ഥനകളും പഠിച്ചു.

ആളുകൾ ChatGPT ഉപയോഗിക്കുന്നതും ഫ്രീലാൻസ് തൊഴിലാളികളെ ആശ്രയിക്കുന്നതും എന്തിനൊക്കെ

രണ്ട് വേദികളിലും ചെയ്യുന്ന ജോലികളുടെ ഘടന വ്യത്യസ്തമായിരുന്നു. ChatGPT ഉപയോഗത്തിൽ എഴുത്തിന് വളരെ വലിയ വിഹിതമുണ്ടായിരുന്നു. അതേസമയം, Upwork-ൽ ഫ്രീലാൻസ് തൊഴിലാളികളെ തേടിയുള്ള പരസ്യങ്ങളിൽ വീഡിയോയ്ക്കും ആനിമേഷനും കൂടുതൽ വിഹിതമുണ്ടായിരുന്നു. 

രണ്ട് വേദികളിലുമുള്ള ജോലികളുടെ വൈവിധ്യം ചുവടെ കാണാം. 

പഠനകാലയളവിൽ Upwork-ലെ വിഹിതത്തിൽ ഏറ്റവും വലിയ മാറ്റങ്ങളുണ്ടായ പ്രവർത്തനങ്ങൾ മാത്രമാണ് ഇവിടെ പ്രതിനിധീകരിക്കുന്നത്. ChatGPT വിഹിതങ്ങൾ 2025 ജനുവരി–2026 ജൂൺ കാലയളവിലേതാണ്; Upwork വിഹിതങ്ങൾ 2026-ന്റെ ആദ്യ പകുതിയിലേതും. Upwork വിഹിതത്തിലെ മാറ്റങ്ങൾ 2025-ന്റെ ആദ്യ പകുതി മുതൽ 2026-ന്റെ ആദ്യ പകുതി വരെയുള്ളവയാണ്; അവ ശതമാന പോയിന്റുകളിൽ നൽകിയിരിക്കുന്നു.

AI ഉപയോഗം വർധിക്കുന്നതിനൊപ്പം ഫ്രീലാൻസ് തൊഴിലിനുള്ള ആവശ്യകതയും മാറുന്നു

ChatGPT‑യിൽ താരതമ്യേന സാധാരണമായിരുന്ന പല പ്രവർത്തനങ്ങളുടെയും Upwork-ലെ വിഹിതം കുറഞ്ഞു; അത്ര സാധാരണമല്ലാത്ത പ്രവർത്തനങ്ങളുടെ വിഹിതം വർധിച്ചു. വിശകലനം ചെയ്ത 63 തൊഴിൽവിഭാഗങ്ങളിൽ 43 എണ്ണവും ഈ പ്രവണത പിന്തുടർന്നു. 

ബാക്കിയുള്ള 20 തൊഴിൽവിഭാഗങ്ങളിൽ വിപരീത പ്രവണതയാണ് കണ്ടത്. ഫ്രീലാൻസ് തൊഴിലിനുള്ള ആവശ്യകതയിലെ മാറ്റങ്ങൾക്ക് ChatGPT ഉപയോഗം മാത്രം വിശദീകരണമാകുന്നില്ല.

ഈ താരതമ്യം കാണിക്കുന്നത് ആളുകൾ ഇപ്പോൾ ChatGPT എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ്; AI-യ്ക്ക് സഹായിക്കാനാകുന്ന മുഴുവൻ ജോലികളും ഇതിൽ ഉൾപ്പെടുന്നില്ല. ഈ വിടവിനെയാണ് OpenAI ഉപയോഗപ്പെടുത്താത്ത ശേഷി എന്ന് വിളിക്കുന്നത്.

ഓരോ ബിന്ദുവും Upwork-ന്റെ വർഗീകരണത്തിൽ പൊരുത്തപ്പെടുത്തിയ 63 തൊഴിൽ ഉപവിഭാഗങ്ങളിൽ ഒന്നിനെ പ്രതിനിധീകരിക്കുന്നു. തിരശ്ചീന അക്ഷം കാണിക്കുന്നത്, 2025-ന്റെ രണ്ടാം പകുതിയിലെ ChatGPT ഉപയോഗത്തിൽ ഒരു വിഭാഗത്തിനുള്ള വിഹിതത്തെ 2023-ന്റെ ആദ്യ പകുതിയിലെ Upwork തൊഴിൽപരസ്യങ്ങളിൽ അതിനുള്ള വിഹിതംകൊണ്ട് ഹരിച്ചുകിട്ടുന്ന സംഖ്യയുടെ സ്വാഭാവിക ലോഗരിതമാണ്. ലംബ അക്ഷം, 2023-ന്റെ ആദ്യ പകുതി മുതൽ 2025-ന്റെ രണ്ടാം പകുതി വരെ Upwork തൊഴിൽപരസ്യങ്ങളിൽ ആ വിഭാഗത്തിന്റെ വിഹിതത്തിലുണ്ടായ ശതമാന മാറ്റം ലോഗരിതമിക് സ്കെയിലിൽ കാണിക്കുന്നു; 0% എന്നത് വിപണിവിഹിതം മാറിയിട്ടില്ലെന്ന് സൂചിപ്പിക്കുന്നു. AI തീവ്രത 0-ലുള്ള ലംബ വിഭജനരേഖ, ChatGPT‑യിലും അടിസ്ഥാനകാലയളവിലെ Upwork തൊഴിൽപരസ്യങ്ങളിലും വിഭാഗങ്ങളുടെ വിഹിതം തുല്യമാണെന്ന് സൂചിപ്പിക്കുന്നു.

കൂടുതൽ തരം ജോലികളിൽ ഇടപാടുകാർ AI ആവശ്യപ്പെടുകയും ജോലിഘടകങ്ങളെ പുതിയ രീതികളിൽ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു

2025 അവസാനത്തോടെ, വ്യത്യസ്തമായ കൂടുതൽ തരം ജോലികളിൽ AI ഉപയോഗിക്കണമെന്ന് ഇടപാടുകാർ ആവശ്യപ്പെട്ടുതുടങ്ങി. ചാറ്റ്ബോട്ട് വികസനം, വീഡിയോ നിർമ്മാണം, വിപണനത്തിന്റെ സ്വയമേവയുള്ള നടത്തിപ്പ്, ആപ്ലിക്കേഷനുകളുടെ സംയോജനം തുടങ്ങിയ ജോലികളിൽ AI പ്രയോഗിക്കാൻ ഇടപാടുകാർ ഫ്രീലാൻസ് തൊഴിലാളികളെ തേടി. 

ഓരോ പദ്ധതിയിലും മറ്റു ജോലികൾക്കൊപ്പം AI വൈദഗ്ധ്യവും പലപ്പോഴും ആവശ്യപ്പെട്ടിരുന്നു. AI-യുമായി ബന്ധപ്പെട്ട തൊഴിൽപരസ്യങ്ങളിലെയും മറ്റു പരസ്യങ്ങളിലെയും ജോലിഘടകങ്ങളുടെ എണ്ണം ഏതാണ്ട് തുല്യമായിരുന്നു. എന്നാൽ മുൻകാല ജോലികളിൽ അപൂർവമായി മാത്രം ഒരുമിച്ചുകണ്ടിരുന്ന ജോലിഘടകങ്ങളെ AI-യുമായി ബന്ധപ്പെട്ട പരസ്യങ്ങൾ കൂടുതലായി കൂട്ടിച്ചേർത്തു.

ഉദാഹരണം: ഒരു പദ്ധതിയുടെ സംക്ഷിപ്തവിവരണത്തിൽ

ചില ഇടപാടുകാർ ഒറ്റ തൊഴിൽപരസ്യത്തിൽ AI ഉപയോഗിച്ചുള്ള വീഡിയോ നിർമ്മാണം, എഡിറ്റിങ്, ചലിക്കുന്ന ഗ്രാഫിക്സ് എന്നിവ ആവശ്യപ്പെട്ടു. ഫ്രീലാൻസർ ഈ കഴിവുകൾ സംയോജിപ്പിച്ച് ഒരു സമ്പൂർണ്ണ വീഡിയോ തയ്യാറാക്കി നൽകും.

  • AI നിർമ്മിച്ച വീഡിയോ
  • വീഡിയോ എഡിറ്റിങ്
  • ചലിക്കുന്ന ഗ്രാഫിക്സ്

AI-യുമായി ബന്ധപ്പെട്ട തൊഴിൽപരസ്യങ്ങളിലെ ജോലികളുടെ വൈവിധ്യം വർധിച്ചു

2023 തുടക്കം മുതൽ 2025 അവസാനം വരെ AI-യുമായി ബന്ധപ്പെട്ട തൊഴിൽപരസ്യങ്ങളിലെ ജോലിഘടകങ്ങളുടെ വൈവിധ്യം 45% വർധിച്ചു—ഒരുപോലെ സാധാരണമായ ഏകദേശം 15 ജോലിഘടകങ്ങളിൽനിന്ന് 21 എണ്ണത്തിലേക്കുള്ള വർധനയ്ക്ക് തുല്യമാണിത്.

2023 തുടക്കം
14.6
2025 അവസാനം
21.2
2025 വരെയുള്ള Upwork വിപണിയിലെ തൊഴിൽപരസ്യങ്ങൾ. വിഹിതങ്ങൾ ഏകദേശമാണ്; സംഖ്യകൾ റൗണ്ട് ചെയ്തതിനാൽ അവയുടെ ആകെത്തുക 100% ആകണമെന്നില്ല.
2025 വരെയുള്ള Upwork വിപണിയിലെ തൊഴിൽപരസ്യങ്ങൾ.

AI-യുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് കൂടുതൽ ബജറ്റും കൂടുതൽ ജോലിയും ആവശ്യമാണ്

AI-യുമായി ബന്ധപ്പെട്ട ജോലികൾക്കും മറ്റു ജോലികൾക്കും പരസ്യപ്പെടുത്തിയ മണിക്കൂർ നിരക്കുകൾ സമാനമായിരുന്നു. എന്നാൽ AI-യുമായി ബന്ധപ്പെട്ട പദ്ധതികളുടെ നിശ്ചിത പ്രതിഫല ബജറ്റ് കൂടുതലായിരുന്നു; അവയിൽ കൂടുതൽ മണിക്കൂർ ജോലിയും ഉൾപ്പെട്ടിരുന്നു. ഉയർന്ന ബജറ്റുകൾക്ക് ഒരു പരിധിവരെ കാരണം ജോലിയുടെ വിപുലമായ വ്യാപ്തിയാകാം എന്നാണ് ഈ പ്രവണത സൂചിപ്പിക്കുന്നത്.

2026 ഏപ്രിൽ വരെയുള്ള Upwork വിവരങ്ങൾ. ക്രമീകരിച്ച കണക്കുകൾ ഒരേ തരം ജോലിയിലും ഒരേ മാസത്തിൽ പ്രസിദ്ധീകരിച്ച പരസ്യങ്ങളിലും രണ്ട് കൂട്ടങ്ങളെയും താരതമ്യം ചെയ്യുന്നു.

ഉപസംഹാരം

ഫ്രീലാൻസർമാരെ ഇടപാടുകാർ ഏതെല്ലാം ജോലികൾക്ക് നിയമിക്കുന്നുവെന്നതും അവർ പരസ്യപ്പെടുത്തുന്ന പദ്ധതികളുടെ വ്യാപ്തിയും AI മാറ്റുന്നുണ്ടാകാം

തൊഴിലിൽ AI ചെലുത്തുന്ന സ്വാധീനം തൊഴിൽ കണക്കുകളിൽനിന്ന് തിരിച്ചറിയാൻ പ്രയാസമായേക്കാം. മുൻ തൊഴിലിന്റെ പുതുസീമകൾ പഠനങ്ങളിൽ ഞങ്ങൾ ചൂണ്ടിക്കാട്ടിയതുപോലെ, ഈ സ്വാധീനം ആദ്യം പ്രകടമാകുന്നത് ആളുകൾ ചെയ്യുന്ന ജോലികളിലായിരിക്കാം. 

ഫ്രീലാൻസ് തൊഴിൽപദ്ധതികൾ വേഗത്തിൽ പൂർത്തിയായി പുതിയവ വരുന്നതിനാൽ, ഇടപാടുകാരുടെ ആവശ്യങ്ങൾ മാറുന്നതനുസരിച്ച് തൊഴിൽപരസ്യങ്ങളും നിരന്തരം പുതുക്കപ്പെടുന്നു. സ്ഥാപനങ്ങൾക്കുള്ളിലെ ജോലികൾ പുതിയ തൊഴിൽപരസ്യത്തിൽ പ്രതിഫലിക്കാതെതന്നെ മാറിയേക്കാം. ChatGPT വിവരങ്ങളുമായി ചേർത്തുനോക്കുമ്പോൾ, ആളുകൾ AI ഉപയോഗിച്ച് നേരിട്ട് ചെയ്യുന്ന പ്രവർത്തനങ്ങൾ ഏതൊക്കെ, ഫ്രീലാൻസ് തൊഴിലാളികളെ ഏൽപ്പിക്കുന്നവ ഏതൊക്കെ, AI-യുമായി ബന്ധപ്പെട്ട പദ്ധതികൾ മറ്റു ജോലികളിൽനിന്ന് എങ്ങനെ വ്യത്യസ്തമാകുന്നു എന്നിവയുടെ ആദ്യ സൂചനകൾ ഈ പരസ്യങ്ങൾ നൽകുന്നു.

ഒന്ന് മറ്റൊന്നിനു പകരമാകുന്നു എന്ന ലളിതമായ വിശദീകരണത്തിലേക്കല്ല കണ്ടെത്തലുകൾ വിരൽചൂണ്ടുന്നത്. ChatGPT ഉപയോഗത്തിൽ സാധാരണമായ ചില പ്രവർത്തനങ്ങളുടെ Upwork-ലെ വിഹിതം കുറഞ്ഞെങ്കിലും, ഈ പ്രവണത എല്ലായിടത്തും ഒരുപോലെയായിരുന്നില്ല. AI-യുമായി ബന്ധപ്പെട്ട ജോലികൾ കൂടുതൽ വൈവിധ്യമുള്ള പ്രവർത്തനങ്ങൾ ഉൾക്കൊള്ളുകയും ജോലിഘടകങ്ങളെ അത്ര പരിചിതമല്ലാത്ത രീതികളിൽ കൂട്ടിച്ചേർക്കുകയും ചെയ്തു. അവയ്ക്ക് ഉയർന്ന നിശ്ചിത പ്രതിഫല ബജറ്റും കൂടുതൽ തൊഴിൽമണിക്കൂറുകളും ഉണ്ടായിരുന്നു.

ഫ്രീലാൻസർമാരിൽ നിന്ന് ഇടപാടുകാർ എന്താണ് തേടുന്നതെന്നും പദ്ധതികൾ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും AI മാറ്റുന്നുണ്ടാകാമെന്ന് ഈ പ്രവണതകൾ ഒന്നിച്ചുനോക്കുമ്പോൾ സൂചിപ്പിക്കുന്നു.

തൊഴിലിന്റെ പുതുസീമകൾ പരമ്പര

തൊഴിലിന്റെ പുതുസീമകൾ പരമ്പരയിലൂടെ, AI തൊഴിലിൽ വരുത്തുന്ന മാറ്റങ്ങൾ സംഭവിക്കുന്ന മുറയ്ക്ക് OpenAI സാമ്പത്തിക ഗവേഷണസംഘം പഠിക്കുന്നു. 

രചയിതാക്കൾ

Caroline Chin, Shagun Kala, Nadav Kunievsky, Teng Liu, Alex Martin Richmond, Carl Shan